Tuesday, 7 January 2014

ഉമ്മാമയുടെ 'ഉമ്മക്കം'
സ്നേഹത്തിന്റെ നേര്പകര്പ്പായിരുന്നു എനിക്കെന്റെ ഉമ്മാമ. സദാ പ്രസന്നമായ ആ മുഖത്തു
വിവേചനരഹിതമായി എല്ലാര്‍ക്കും നല്കാന്‍ എപ്പോഴും ഒരു പുഞ്ചിരി കാത്തുസൂക്ഷിച്ചിട്ടുണ്ടായി
രുന്നു. പൂളക്കുനിയിലെയും മുണ്ടിയാട്ടെയും കുട്ടോത്തെയും വാതില്‍ കോലായിയില്‍ സൗഹൃദത്തിന്റെ ജനാലകള്‍ തുറന്നിട്ട്‌ ആരെയൊക്കെയോ പ്രതീക്ഷിച്ചു ഉമ്മാമ കസേരയില്‍ ചാരിയും മടങ്ങിയും ഇരുന്നു. അടുത്തവീട്ടിലെ തിരുവാതിര അമ്മയും മാക്കൂലെ മാണിക്കാമ്മയും കരുവാന്റവിട പാത്തൂമ്മയും പടിഞ്ഞാറ് നിന്ന് 'വാങ്ങാന്‍ വരുന്ന' മറിയോമ്മയും അങ്ങിനെ പലരും ചുവന്ന “കാവി”യിട്ട നിലത്തു ചടഞ്ഞിരുന്ന് ഉമ്മാമയുമായി സൊറ പറയും. നാദാപുരം റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ അമ്മയും മോനും ബസ്സിനടിയില്‍ പെട്ടതും കുന്നുമ്മക്കരയില്‌ ഗള്‍ഫ്‌കാരന്റെ ഭാര്യ വീട് പണി ചെയ്യാനെത്തിയ ആശാരിയുമായി 'ലോഗ്യം' കൂടിയതും മുട്ടുങ്ങല്‌-കക്കാട് പള്ളി നേര്ച്ചക്ക് ഇരുപതു ചെമ്പു ഇറച്ചി ചോറ് വെച്ചതും അങ്ങിനെ എണ്ണിയാല് തീരാത്ത വിഷയങ്ങള്‍ അവരുടെ “കോലായികൂട്ടങ്ങളില്‍” സംസാര വിഷയങ്ങളായി. ഇതിനിടയില്‍ ശല്യക്കാരായ് മാറുന്ന ഞങ്ങള്‍ പേര മക്കള്‍ക്ക്‌ നല്ല "ബായിഅറച്ചല്" ഉമ്മാമന്റെ വക കിട്ടും.വേണമെങ്കില്‍ ഒച്ചയുണ്ടാക്കാതെ വയസ്സന്മാരുടെ കഥകള്‍ നമുക്ക് കേള്‍ക്കാം. അത്രമാത്രം. ആരെയും കിട്ടാതെ മടുക്കുമ്പോള്‍ തന്റെ വടിയും കുത്തിപ്പിടിച്ചു മൂന്നു വീടുകളിലും ഉമ്മാമാക്കു മാത്രമായി റിസേര്‍വ് ചെയ്ത മുറിയിലേക്ക് പതുക്കെ മടങ്ങി പോകും. അല്പം ബെഡ്റെസ്റ്റ് എടുക്കാന്‍..
എന്റെ ഉപ്പയുടെ ഉമ്മയും ഉപ്പയുടെ ഉപ്പയും എനിക്ക് രൂപങ്ങളില്‍ പോലുമില്ല. ഉമ്മയുടെഉപ്പയും എന്റെ ഓര്‍മ്മകള്‍ക്ക് മൂപ്പെത്തും മുമ്പേ മരണപ്പെട്ടു പോയതാണ്. ആകെയുള്ളത് ഉമ്മാമ. വാത്സല്യനിധിയായ, എന്നോട് പ്രത്യേകിച്ച് സ്നേഹമുള്ള ഉമ്മാമ. പേരക്കുട്ടികളില്‍ ആണ്‍കുട്ടികളില് മൂത്തവന്‍ ആയതു കൊണ്ട് മാത്രമല്ല അക്കാലത്തു കുടുംബത്തില്‍ സ്വല്പം ‘പഠിപ്പും വിവരോം’ ഉള്ളോനായി എന്നത് കൊണ്ടും ഉമ്മാമയുടെ അടുത്ത് സ്പെഷല്‍ പരിഗണന കിട്ടാറുണ്ടായിരുന്നു എനിക്ക്. വയസ്സന്മാരെ കളിപ്പിക്കാന്‍ ഒരു പ്രത്യേക മിടുക്കായിരുന്നു എനിക്കെന്നു ഇപ്പോഴും ഉമ്മ പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അടുത്ത വീട്ടിലെ ആണ്ടി അപ്പൂപ്പന്‍ കോലായില്‍ ഇരിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ ഞാന്‍ പുരയില്‍ നിന്ന് കണ്ണാടി എടുത്തു സൂര്യ പ്രകാശം അപ്പൂപ്പന്റെ കണ്ണിലേക്കു പ്രതിഫലിപ്പിക്കാറുണ്ട്. പാവം കണ്ണ് കാണാതെ മുഖം തിരിച്ചു ഇതെവിടുന്നാണെന്ന് അറിയാതെ ചുറ്റും കണ്ണോടിക്കുമ്പോള് ഞാനും അനിയനും കൈമുട്ടി ചിരിക്കും. ഒരിക്കല്‍ ഇത് കണ്ടു പിടിച്ചപ്പോള്‍ ഉമ്മയുടെ കയ്യില് നിന്ന് നല്ല ചുട്ട അടി മേടിച്ചിട്ടുണ്ട്. ഇതറിഞ്ഞ അപ്പൂപ്പന്‍ ഉമ്മയോട് പരിഭവം പറഞ്ഞു - എന്നെ തല്ലിയതിന്.
വീണ്ടും ഉമ്മാമയിലെക്കു വരാം... സംസാരത്തിന്റെ രസ മുഹൂര്‍ത്തങ്ങളില്‍ മയങ്ങിപ്പോകുംപോള്‍ ഉമ്മാമാന്റെ വടി ആരും കാണാതെ ഒളിപ്പിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു എനിക്ക്.‍വടിയും തപ്പി ഉമ്മാമ തടഞ്ഞു നടക്കുന്നത് കാണാന്‍ നല്ല രസമാണ്. ചിലപ്പോള്‍ ചാക്കിന്റെ വക്ക് കൊണ്ട് ഉമ്മാമ കാണാതെ പിന്നിലൂടെ തട്ടത്തില്‍ കെട്ടിടുകയും ഒരറ്റത്ത് കനം കുറഞ്ഞ എന്തെങ്കിലും കൂട്ടി കെട്ടുകയും ചെയ്യും. ഇതറിയാതെ എഴുന്നേറ്റു നടക്കുമ്പോള്‍ പിന്നിലൂടെ വലിച്ചിഴയുന്ന സഞ്ചിയോ മറ്റോ കണ്ട് മറ്റുള്ളവര്‍ക്ക് ചിരി പൊട്ടും. ഉടനെ ഉമ്മാമാക്കു കാര്യം പിടികിട്ടും.പിന്നെ എല്ലാരും കൂടി കൂട്ടച്ചിരിയായി. ഇത് ചെയ്യാനുള്ള അവകാശം (ധൈര്യവും!) എനിക്ക് മാത്രമേ തന്നിരുന്നുള്ളു. "അത് മാണ്ടെട നൈശൂ" എന്ന ഉമ്മാമയുടെ പരിഭവത്തില്‍ അനുഭവിച്ചു കൊതി തീരാത്ത ഇഷ്ടത്തിന്റെയും വാത്സല്യത്തിന്റെയും നനവ്‌ മതിയാവോളം ഉണ്ടായിരുന്നു. കുത്ത് കുത്തുള്ള നൈസായ വെള്ളത്തുണി കുപ്പായവും മിനുസമുള്ള ഫോറിന്‍ ലുങ്കിയും കാച്ചി തട്ടവും ഇട്ടു എപ്പോഴും ചമഞ്ഞിരിക്കുമായിരുന്നു ഉമ്മാമ. ഉമ്മാമയുടെ ചുളിവു വീണ കവിളുകളില്‍ ഇടയ്ക്കിടെ മുത്തം (ഉമ്മാമയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഉമ്മക്കം') കൊടുക്കാറുണ്ടായിരുന്നു ഞാന്‍. "എടങ്ങാറാക്കല്ല നൈശൂ" എന്ന് പറഞ്ഞു തല വെട്ടിക്കുമെങ്കിലും കഴുത്തു പിടിച്ചു ഉമ്മാമയുടെ നെറ്റിയിലും കവിളിലും ചുംബിച്ചേ ഞാന്‍ പിന്‍ വാങ്ങാറുള്ളൂ. മൂന്നു തവണ കഴുത്തു പിടിച്ചു ചേര്‍ത്ത് വെച്ച് ഈ മുത്തം ഉമ്മാമ എനിക്ക് തിരിച്ചു തന്നത് മധുരസ്മ്രുതിയായി മനസ്സില്‍ തികട്ടി വരുന്നു. ആദ്യം ഖത്തര്‍-ലേക്ക് യാത്രയാവുമ്പോള്‍ കരഞ്ഞു കൊണ്ട് വാതുക്കല്‍ അകത്തെ കസേരയില്‍ ഇരുന്നു ഉമ്മക്കം നല്‍കി യാത്രയാവുമ്പോള്‍... പിന്നെ അതെ ഹാളില്‍ വെച്ച് എന്റെ കല്യാണ സമയത്ത്എഴുന്നേറ്റു നിന്ന് ആള്‍ക്കൂട്ടത്തില്‍... ഒടുവില്‍ രണ്ടാമത്തെ ട്രിപ്പ്‌ ഖത്തര്‍-ലേക്ക് തിരിക്കുമ്പോള്‍ ചായ്പിന്ടകത്തെ കട്ടിലില്‍ കിടന്നു കൊണ്ട് എന്നെ ചേര്‍ത്ത് പിടിച്ചു തുരുതുരെ ഉമ്മ തരുമ്പോള്‍ ഉമ്മാമ പിറുപിറുക്കുന്നത് പോലെ എനിക്ക് തോന്നി-ഇനി എന്റെ നൈശു വരുമ്പോള്‍ ഈ ഉമ്മാമ ഉണ്ടാകുമോ?
ഉമ്മാമയുടെ ആശങ്ക അസ്ഥാനത്ത് ആയിരുന്നില്ല. ഞാന്‍ ഇവിടെയെത്തി നാലു മാസം തികയും മുമ്പ് ആ വാര്‍ത്ത‍ എന്നെ തേടി എത്തി. ദൈവത്തിന്റെ ഖജാനയില്‍ ഉമ്മാമക്ക് അനുവദിച്ച സമയം തീര്‍ന്നിരിക്കുന്നു.ദോഹ ജദീദിലെ റൂമില്‍ അടക്കി പിടിച്ച ദുഖം തേങ്ങി തേങ്ങി കണ്ണീര്‍ പുഴയായ് ഒഴുക്കി തീര്‍ത്തപ്പോള്‍ മനസ്സില്‍ നിറഞ്ഞത് ഉമ്മാമയുടെ ഉമ്മക്കം മാത്രം. ഇപ്പോള്‍ നാട്ടില്‍ പോകുമ്പോളും തിരിച്ചു വരുമ്പോളും കുട്ടോത്തെ മൂത്തുമ്മ ഉമ്മാമയുടെ പിന്‍ഗാമിയായി ആ ഉമ്മക്കം തുടരുമ്പോള്‍ തോന്നി പോകുന്നു. ഞാന്‍ ധന്യനാണ്. എന്റെ ഉമ്മാമ എനിക്ക് വേണ്ടി മൂത്തുമ്മയിലൂടെ ജീവിക്കുന്നു..

തൊണ്ണൂറ്റി ഒന്‍പതു ഏപ്രിലില്‍ ഉമ്മാമ മടങ്ങിയത് കോലായും ഊന്നു വടിയും ഇല്ലാത്ത മടക്കമില്ലാത്ത ലോകത്തെക്കായിരുന്നു. 'നൈശുവിന്റെ എടങ്ങാറാക്കല്‍' ഇല്ലാത്ത ഒരിടത്തേക്ക്. ഇപ്പോഴും ഓര്‍മ്മകളില്‍ കണ്ണീര്‍ ചാലിച്ച ഒരു നൊമ്പരമായി ഉമ്മാമയുടെ വേര്‍പാട്‌ ഉള്ളില്‍ തങ്ങിനില്‍ക്കുന്നു. ദോഹയിലെ പഴയ ഘാനം മസ്ജിദില്‍ മയ്യത്ത് നിസ്കാരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു കരച്ചില്‍ നിയന്ത്രിക്കാന്‍ പാടുപെട്ടത് ഇന്നലെകഴിഞ്ഞതു പോലെ തോന്നുന്നു. കാലചക്രം എത്ര വേഗത്തിലാണ് കറങ്ങി പോയത്? പതിനാലു വര്‍ഷങ്ങള്‍...!! (ജഗനിയന്താവ് ഉമ്മാമക്ക് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ..)