Monday, 2 December 2013

പാണക്കാടിന്റെ സുഗന്ധം .....!!!!!!!!!


കഴിഞ്ഞ അവധിക്കാലം. ഫെബ്രുവരിയിലെ ഒരു ചൊവ്വാഴ്ച. സ്നേഹിതന്മാർക്കൊപ്പം പാണക്കാട്ടെക്ക് ഒരു യാത്ര. സയ്യിദ് മുനവ്വറലി തങ്ങളുടെ സ്നേഹോഷ്മളത വേണ്ടുവോളം ആസ്വദിച്ച ശേഷം സാദിഖലി തങ്ങളെ സന്ദർശിക്കാൻ പോയ സന്ദര്ഭം. യാദൃശ്ചികം ആയെങ്കിലും സാക്ഷ്യം വഹിക്കാനായത് ഏറെ സന്തോഷകരമായ ഒരു മുഹൂർത്തത്തിനു.
മലബാറിന് പുറത്തുള്ള ഒരു ക്രിസ്തുമത അനുയായി. യു.എ.ഇ.ലെ പ്രമുഖ വ്യവസായിയും അവിടെ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം. അദ്ദേഹത്തോടൊപ്പം സാദിഖലി തങ്ങളുടെ റൂമിലേക്ക് ഒന്നിച്ചുള്ള പ്രവേശനമാണ് ഈ ധന്യ മുഹൂർത്തത്തിനു സാക്ഷി ആക്കിയത്. ഇനി മനോഹരമായ ഭാഷയിൽ സാദിഖലി തങ്ങളോടു അദ്ദേഹം മൊഴിഞ്ഞ വാക്കുകൾ ഇങ്ങിനെ വായിച്ചെടുക്കാം..
"കുറച്ചു ദിവസങ്ങള് മുമ്പ് താങ്കളുടെ പ്രസംഗം ദുബൈയിൽ നിന്ന് കേട്ടപ്പോൾ തുടങ്ങിയതാണ് ഒന്ന് നേരിൽ കാണണമെന്ന മോഹം.രാഷ്ട്ര സേവനത്തെ കുറിച്ചും ജീവ കാരുണ്യത്തെ കുറിച്ചുമുള്ള താങ്കളുടെ അദ്ധ്യാപനങ്ങൾ എന്നെ വല്ലാതെ ആകര്ഷിച്ചു.താങ്കളുടെ മുഖത്തു കുഞ്ഞുങ്ങളുടെ നിഷ്കളങ്കത സദാ നിഴലിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അതുകൊണ്ട് തന്നെയാവും കളങ്കം ഒട്ടുമില്ലാതെ സാമൂഹ്യ സേവനം താങ്കൾക്കു സാധ്യമാകുന്നത് എന്നും എനിക്ക് തോന്നുന്നു."
." മലപ്പുറം ജില്ല മുസ്ലിം ലീഗ് കമ്മിറ്റി താങ്കളുടെ നേതൃത്തത്തിൽ ബൈത്തു റഹ്മ എന്ന പേരില് പാവപ്പെട്ടവർക്ക് വീട് നിര്മിച്ച് കൊടുക്കുന്നുണ്ടെന്നു അറിഞ്ഞു."ഇനി എനിക്ക് ഒരപേക്ഷയുണ്ട്.താകൾ അത് സ്വീകരിച്ചാലും.. സ്വാഭാവികമായും ഞാൻ സംശയിച്ചു. അദ്ധേഹത്തിന്റെ പരിചയത്തിൽ ഉള്ള വല്ലവർക്കും വീട് നിര്മിച്ച് നല്കണം എന്ന് ശുപാര്ശ നല്കാൻ വേണ്ടി തന്നെ യായിരിക്കും ഇത്ര ദൂരെ നിന്ന് അതി രാവിലെ പുറപ്പെട്ടു അദ്ദേഹം തങ്ങളെ കാണാൻ എത്തിയതും ഈ മുഖ സ്തുതി മൊഴിഞ്ഞതും എന്ന്!
പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത വാക്കുകൾ. " മുസ്ലിം ലീഗിന്റെ ബൈത്തു റഹ്മ ഭവന പദ്ധതിയിലേക്ക് ഈ വിനീതന്റെ വകയായി ഒരു വീടിന്റെ ചെലവ് വഹിക്കാൻ ആഗ്രഹിക്കുന്നു എന്നും തങ്ങള് അത് സ്വീകരിക്കണം എന്നും"
ദയവായി എന്റെ പേര് പരസ്യപ്പെടുത്തരുതെന്നും ആ മാന്യ ദേഹം അഭ്യര്തിച്ചപ്പോൾ അദ്ദേഹത്തോടുള്ള ആദരവും മതിപ്പും വീണ്ടും കൂടുകയായിരുന്നു.
യാത്ര പറഞ്ഞു പിരിയും മുമ്പ് തന്റെ കൈവശം കാത്തു സൂക്ഷിച്ച പെർഫ്യും തങ്ങൾക്കു സമ്മാനിച്ച് കൊണ്ട് അദ്ദേഹം ഇത്രയും കൂടി പറഞ്ഞു
പാണക്കാട് പോവുന്ന വിവരം രാവിലെ വീട്ടിൽ നിന്ന് പുറപ്പെടും നേരം കോളേജ് പ്രോഫെസ്സറായ സഹോദരിയെ അറിയിച്ചപ്പോൾ "വെറും കയ്യോടെ പാണക്കാട്ടെക്കോ.....!!!!!??... കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പരിമളം വാരി വിതറുന്ന അവിടുത്തേക്ക് ഈ സഹോദരിയുടെ വകയായി ഈ സുഗന്ധ ദ്രവ്യം പാരിതോഷികമായി നല്കൂ" എന്ന് പറഞ്ഞു കൊണ്ട് പ്രതീകാത്മകമായി ഏല്പിച്ചതായിരുന്നു ആ പെര്ഫ്യും..!
(വെറും കയ്യോടെയല്ലെന്നും അഞ്ച് ലക്ഷം രൂപയുടെ "ബൈത്തു റഹ്മ" യുമായാണ് അദ്ദേഹം പാണക്കാട്ടെക്ക് വന്നതെന്നും ആ സഹോദരി അപ്പോൾ -ഒരു പക്ഷെ ഇപ്പോഴും - അറിഞ്ഞു കാണില്ല.!!!!!!!)
നന്മയുടെ പ്രകാശം പരത്തുന്നവരും അതിനു പ്രചോദകർ ആകുന്നവരും ഈ ഭൂമിയുടെ അനുഗ്രഹം തന്നെയാണ്.

No comments:

Post a Comment