(ഇന്നത്തെ
ഖത്തര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക റിപബ്ലിക്ദിന പ്രത്യേക പതിപ്പില്‍
പ്രസിദ്ധീകരിച്ച എന്റെ ലേഖനം)
ഇന്ത്യ ഒരു
മതാധിഷ്ടിത രാജ്യമല്ല.ലോകത്തെ ഏറ്റവും വലിയ മതേതര-ജനാധിപത്യ രാഷ്ട്രമാണ്.വ്യത്യസ്ത
മതദര്‍ശനങ്ങള്‍ ആവിര്‍ഭവിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്ത പാരമ്പര്യമാണ്
നമ്മുടേത്.വിവിധജാതികളും വളരെയേറെ വര്‍ണ്ണ ഭേദങ്ങളും നിരവധിഭാഷകളും പലപല ജീവിത
സമ്പ്രദായങ്ങളും ഉള്ള ഒരു സങ്കര സംസ്കാരമാണ് പ്രാചീനകാലം മുതല്‍ക്കു തന്നെ
ഇന്ത്യയില്‍ നിലനിന്നു പോന്നതും.'നാനാത്വത്തില്‍ ഏകത്വം' എന്നറിയപ്പെടുന്ന മഹത്തായ സാംസ്കാരികപൈതൃകം ലോകത്ത് മറ്റൊരു സമൂഹത്തിനും
അവകാശപ്പെടാനില്ല.എല്ലാ സംസ്ക്രിതികളെയും എപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നതാണ്
നമ്മുടെ പ്രത്യേകത.
ജാതി
വ്യവസ്ഥക്കും മനുഷ്യത്വരഹിതമായ സാമൂഹിക അനീതികള്‍ക്കുമെതിരായി ജന്മംകൊണ്ട
ബുദ്ധ-ജൈന മതങ്ങള്‍ ഇന്ത്യയുടെ മഹത്തായ സംഭാവനയാണ്. തോമശ്ലീഹയുടെ കാലത്ത് തന്നെ
ക്രൈസ്തവതയുടെ കാരുണ്യം ഭാരതത്തിന്റെ മണ്ണില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഇസ്ലാമിന്റെ
ആഗമനമാണ് മധ്യകാലത്ത് ഇന്ത്യ ചരിത്രത്തിന്റെ ഗതിതിരിച്ച മറ്റൊരു പ്രധാന
ഘടകം.വേദങ്ങളുടെയും ഉപനിഷത്തുകളുടെയും തെളിനീര്‍ പ്രവാഹത്തോടൊപ്പം ഇസ്ലാമിന്റെധാര
കൂടി ചേര്‍ന്നോഴുകിയപ്പോള്‍ ഇന്ത്യന്‍ സംസ്കൃതി സമ്പന്നവും ധന്യവുമായി തീര്‍ന്നു.
ആര്യാധിനിവേശം
മുതല്‍ ബ്രിട്ടീഷ് ആധിപത്യം വരെയുള്ള സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ പല ഭാഷക്കാരും
ദേശക്കാരും ഇവിടെ പ്രവേശിക്കുകയും ഈ രാജ്യത്തെ അവരുടെ മാതൃഭൂമിയായി കരുതി ഇന്ത്യന്‍
സമൂഹത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വിവധ
സംസ്കാരങ്ങളുടെ സംഗമകേന്ദ്രമായി ഭാരതം അറിയപ്പെടുന്നതും. ഭൂമിശാസ്ത്രപരമോ
രാഷ്ട്രീയമോ ആയ ദേശീയതയ്ക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ള സംസ്കാരങ്ങളുടെ സമന്വയം
ആണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്കൃതി. "ലോക സമസ്താ സുഖിനോ ഭവന്തു"
എന്നത്ന്റെ ആന്തരിക ചൈതന്യവും മറ്റൊന്നല്ല. ഇന്ത്യയുടെ സംസ്കാരവും ദേശീയതയും ദുര്‍വ്യാഖ്യാനം
ചെയ്തു രാജ്യത്തിന്റെ ശിഥിലീകരണത്തിനു കളമൊരുക്കുന്ന ഒരു സാഹചര്യമാണ് ഇന്ന്
നിലവിലുള്ളത്.ഇന്ത്യന്‍ മണ്ണിനെ സമ്പുഷ്ടമാക്കിയ ഇതര സംസ്കാരങ്ങളുടെ
ഉച്ചാടനത്തിലൂടെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള
ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് തുടക്കമിട്ടിരിക്കുന്നു. ഇന്ത്യയുടെ
പൈതൃകത്തിനും രാഷ്ടത്തിന്റെ നിലനില്‍പ്പിനു തന്നെയും ഭീഷണിയായി ഫാസിസ്റ്റു വര്‍ഗീയത
വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം രാജ്യ സ്നേഹികളെ
ആശങ്കാകുലര്‍ ആക്കുകയാണ്. ഇത്തരുണത്തില്‍ ഫാസിസ്റ്റ് വര്‍ഗ്ഗീയതയെക്കുറിച്ചു
ഗൌരവമായി വിചിന്തനം നടത്തപ്പെടെണ്ടതുണ്ട്.
നമ്മുടെ
സംസ്കാരത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണം ഒരു ലളിതമായ പ്രക്രിയ ആയിരുന്നില്ല. മറിച്ച്
സാംസ്കാരിക പ്രയോഗത്തിന്റെ സകല മേഖലകളിലും അത് ആവെശിച്ചിട്ടുണ്ട്.സംസ്കാരം
പ്രചരിപ്പിക്കുക എന്നപേരില്‍ ഹിന്ദു ഫാസിസ്റ്റു സംഘടനകളെ വര്‍ഗ്ഗീയ ലക്ഷ്യത്തോടെ
ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. 1915-ല്‍ ഹിന്ദു മഹാസഭയുടെ
പിറവിയോടെ ഇത് ആരംഭിക്കുന്നു. "ഹിന്ദുസ്ഥാനിലെ വിദേശ വംശജര്‍ ഒന്നുകില്‍
ഹൈന്ദവ ഭാഷയും സംസ്കാരവും സ്വീകരിക്കുകയും ഹിന്ദുരാഷ്ടത്തെ വാഴ്ത്തുന്നതൊഴികെയുള്ള
മറ്റൊരാശയവും വെച്ച്പുലര്‍ത്താതിരിക്കുകയും,
വ്യത്യസ്തമായ
അസ്ത്വിത്വം കൈവെടിഞ്ഞു ഹിന്ദുത്വത്തില്‍ ലയിക്കുകയും വേണം"ഫാസിസ്റ്റ് വര്‍ഗ്ഗീയതയുടെ
താത്വിക ആചാര്യനായ ഗോള്‍വാള്‍ക്കര്‍- ലൂടെ മുഴങ്ങി കേള്‍ക്കുന്നത് ഇന്ത്യയിലെ
ന്യൂന പക്ഷങ്ങളോടുള്ള ഭീഷണി സ്വരം മാത്രമല്ല;
ഇന്ത്യന്‍
മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മരണമണി കൂടിയാണ്. വിദേശ ശക്തികളുടെ
പിന്ബലത്താല്‍ നടന്നുവരുന്ന വിധ്വംസക- വിഘടന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രത്തിന്റെ
സ്വസ്ഥതയും ശാന്തിയും തകര്‍ത്തു തുടങ്ങിയിരിക്കുന്നു. പഞ്ചാബിലും കാശ്മീരിലും
തുടക്കം കുറിച്ച ഈ ശിഥിലീകരണ പ്രക്രിയകള്‍ ആസ്സാമിലെ ഉല്ഫയിലോ മവോയിസ്ടുകളിലോ
അവസാനിക്കുനില്ല. തൊഴില്‍ രഹിതരായ യുവാക്കളെ ഉപയോഗപ്പെടുത്തിയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ
രാഷ്ട്രനിവാസികള്‍ ജാഗരൂകരാകേണ്ടതുണ്ട്.
‘കരണവും പ്രതികരണവും
ഒന്നല്ല. കരണമാണ് പ്രതികരണം സൃഷ്ടിക്കുന്നത്.കാരണം ഇല്ലായ്മ ചെയ്യുന്നതുവരെ
പ്രതികരണവും ഉണ്ടായിക്കൊണ്ടിരിക്കും’
ഹൈന്ദവ വര്‍ഗ്ഗീയതക്ക്
പ്രതികരണം എന്നോണം മുസ്ലിംകളില്‍ തീവ്രവാദം വളര്‍ത്തിയെടുക്കാനുള്ള ഒരു ശ്രമവും
നമ്മുടെ നാട്ടില്‍ നടന്നുവരുന്നു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങള്‍
പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നതും
അപലപനീയവും അപഹാസ്യവുമാണ്. മതേതര ചിന്താഗതിക്കാരായ ഭൂരിപക്ഷംവരുന്ന ഹൈന്ദവ
സഹോദരങ്ങളെ കൂടി വിഭാഗിയ പ്രവണതയിലേക്ക് നയിക്കാന്‍ മാത്രമേ ഇത്
ഉപകരിക്കുകയുള്ളുവെന്നു മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം
നടത്തപ്പെടെണ്ടാതുണ്ട്. ചുരുക്കത്തില്‍,ഫാസിസ്റ്റു വിരുദ്ധ-തീവ്രവാദ വിമുക്ത
മതേതര ശക്തികളുടെ ഏറ്റവും വിശാലമായ കൂട്ടായ്മ ഉണ്ടാക്കി ജന ഹൃദയങ്ങളിലേക്ക് ഇറങ്ങി
ചെല്ലാനുള്ള ആശയ പ്രചാരണത്തിന് നാം മുന്നിട്ട് ഇറങ്ങെണ്ടിയിരിക്കുന്നു.
മതേതര-ജനാധിപത്യ ഇന്ത്യയുടെ നിലനില്പിന്നും സുഗമമായ പ്രയാണത്തിനും നാം ഓരോരുത്തരും
നമ്മുടെ പങ്ക് വഹിച്ചേ മതിയാവൂ.