Sunday, 20 January 2013


പ്രസംഗത്തെക്കുറിച്ച് രണ്ടു വാക്ക്

മനുഷ്യ മനസ്സുകളെ സ്വാധീനിക്കുകയും ഉദ്ധീപിപ്പിക്കുകയും ചെയ്യുന്നതില്‍ പ്രഭാഷണ കലക്കുള്ള പങ്ക് വളരെവലുതാണ്‌. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റി മറിച്ച വലിയ പരിവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയാവുന്നതില് എഴുത്തുകാരെയും ബുദ്ധിജീവികളെയുംപോലെ പ്രഭാഷകരുടെ റോളും ഒട്ടും നിസ്സാരമായിരുന്നില്ല.  എഴുത്തിനെ അപേക്ഷിച്ചു പ്രസംഗത്തിന്റെ പ്രത്യേകത ശ്രോതാവിന്റെ പ്രതികരണം അതെ സ്പോട്ടില്‍ വായിച്ചെടുക്കാന്‍ കഴിയുമെന്നതാണ്. പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ കേള്‍വിക്കാരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ മതി. പലപ്പോഴും പ്രസംഗം കഴിഞ്ഞ ഉടനെ ആളുകള്‍ വന്നുപറയും നന്നായോ മോശമായോ എന്ന്. ആളുകള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല നമ്മുടെ പ്രസംഗം എന്ന് ശ്രോതാകളുടെ മുഖത്തില്‍ നിന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വേണമെങ്കില്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സദസ്സിന്റെ അവസ്ഥ കണ്ടു അപ്പോള്‍തന്നെ നമുക്ക് മാറ്റം വരുത്താം. ഇത് പ്രസംഗത്തിലെ സാധിക്കൂ.

ഹിറ്റ്ലര്‌ ഗംഭീര പ്രാസംഗികനാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. വിന്‌സ്റ്റന്‌ ചര്‍ച്ചിലും പ്രഭാഷണ മേഖലയില്‍ വിശ്വോത്തരന്‍. കേരളത്തില്‍ അഴിക്കോട് മാഷും കൌമുദി ബാലകൃഷ്ണനും മുണ്ടശ്ശേരിയും സീ എച്ചും പ്രഭാഷണ വിഹായസ്സിലെ അത്ഭുത പ്രതിഭകള്‍ തന്നെ. ജനാധിപത്യ വ്യവസ്ഥിതിയില്‍ ആളെ കൂട്ടാനും ആശയ പ്രചാരണത്തിനും ഉള്ള നല്ലോരുപാധി തന്നെയാണിത്. കേസ്സറ്റ് പ്രഭാഷണത്തിലൂടെ ഒരു സംഘടന തന്നെ കെട്ടിപ്പടുത്തതിന്റെ ഉദാഹരണത്തിന് മഅദനി ധാരാളം. സമദാനിയും വീരേന്ദ്രകുമാറും വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം കളിക്കുന്നവര്‍.

പ്രസംഗത്തില്‍ ശൈലിക്കും ഭാഷക്കും തന്നെയാണ് മുഖ്യ സ്ഥാനം. ആരോചകമല്ലാത്ത ആംഗ്യങ്ങള്‍ പ്രഭാഷകനെ കൂടുതല്‍ ആകര്‍ഷണീയനാക്കും. സദസ്സറിഞ്ഞു പ്രസംഗിക്കുക എന്നതും പ്രധാനം-ഉദ്ദേശിച്ചത് പ്രസംഗിക്കുന്ന സ്ഥലത്തെ ആള്‍ക്കാരെ കുറിച്ച് ഒരേകദേശധാരണ എന്നതാണ്. ഉദാഹരണമായി വടകര താഴെ അങ്ങാടി പോലെ നൂറു ശതമാനം മുസ്ലിംകള്‍ തിങ്ങിത്താമാസിക്കുന്ന ഒരിടത്തും സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷം ഉള്ള ഒഞ്ചിയത്തും ഒരേ പോലെയല്ല ലീഗ് പറയേണ്ടതെന്നര്‍ത്ഥം.(ഇത് ശ്രദ്ധിക്കുന്നത് പ്രാസംഗികന്റെ തടി കേടാകാതിരിക്കാനും നല്ലത്!!)

പ്രസംഗം മൂന്നെണ്ണമുണ്ട്. പ്രഭാഷണ വേദിയില്‍ കയറുംമുമ്പ് പറയണം എന്ന് മനസ്സില്‍ കരുതുന്ന പ്രസംഗം. രണ്ട് ചെയ്യുന്ന പ്രസംഗം.(നാം മുമ്പ് പ്ലാന്‍ ചെയ്തതില് പലതും വിട്ടുപോകുകയും പുതുതായി ചിലതൊക്കെ സ്പോട്ടില്‍ മനസ്സില്‍ വന്നുകേറി പുറത്തുപറയുകയും ചെയ്യുന്നു.)മൂന്നാമതായി സ്വന്തം പ്രസംഗം കഴിഞ്ഞാല്‍ നമുക്ക് തോന്നുന്ന പ്രസംഗം.(ഓ ഇങ്ങനെയായിരുന്നു പ്രസംഗിക്കേണ്ടത് എന്ന തോന്നല്‍) നല്ല ഓര്‍മ്മ ശക്തിയും കാര്യങ്ങള്‍ ‍ മനസ്സില്‍ അടുക്കി വെക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാന്‍ കഴിയും. ഇപ്പോഴത്തെ കാലത്ത് പ്രസംഗം ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്. മുമ്പത്തെ പോലെയല്ല. കേള്‍വിക്കാരുടെ അറിവ് വര്‍ദ്ധിക്കുകയും നിലവാരം ഉയരുകയും ചെയ്തതിനാല്‍ എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാനാവില്ല.

പൊടിക്കൈ: മേല്‍ പറഞ്ഞതിനോട് എതിര്‍ നില്‍ക്കുന്ന തിയറിയാണ്. പക്ഷെ ഈ ഒരു തോന്നല്‍ പ്രാസംഗികനു ഉണ്ടായാല്‍ മാത്രമേ പ്രസംഗം ആത്മ വിശ്വാസത്തോടെ പുറത്തു വരൂ. താന്‍ പറയാന്‍പോകുന്നതൊന്നും ഇവിടെ കൂടിയിരിക്കുന്ന പലര്‍ക്കും അറിയില്ലെന്ന ഒരുചിന്ത. അവര്‍ക്കെല്ലാം അറിയുമെങ്കില്‍ പിന്നെ ഞാന്‍ എന്തിനു പ്രസംഗിക്കണം? എന്റെ വാക്കുകള്‍ക്കു എന്ത് പ്രസക്തി? ഇത് ശരിയല്ലേ കൂട്ടുകാരെ....പ്രസംഗത്തില്‍ മറ്റാരെയും അനുകരിക്കാതെ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കി എടുക്കുക. സമൂഹത്തില്‍ നമയുടെ ചാലക-പ്രേരക ശക്തികളാവാന് വാക്കുകള്‍ ഉപയോഗിച്ച് മുന്നേറുക. അക്ഷരങ്ങള്‍ ആവനാഴിയില്‍ കിടന്നു തുരുമ്പെടുക്കാന്‍ ഉള്ളതല്ല. അത് ശത്രുവിന്റെ ആയുധപ്പുരയെ ചുട്ടെരിക്കാന്‍ മൂര്‍ച്ചയുള്ളതാണ്."രക്ത സാക്ഷിയുടെ കണ്‍ടത്തില്‍ നിന്ന് ഉറ്റിവീഴുന്ന നിണകണങ്ങളെക്കാള് വിശുദ്ധമാണ് പണ്ഡിതന്റെ പേനയില്‍ നിന്ന് നിര്ഗ്ഗളിക്കുന്ന മഷിത്തുള്ളികള്". ‍പുതിയ കാലത്തിന്റെ ആയുധങ്ങള്‍ വാളും തോക്കുമല്ല. എഴുത്തും വാക്കും തന്നെയാണ്.ആദര്‍ശങ്ങള്‍ സംവദിക്കപ്പെടെണ്ട പ്രതലവും ഇത് തന്നെയാണ്.‍

No comments:

Post a Comment