Tuesday, 22 January 2013


( കുറിപ്പ് ഒരു മെഴുകു തിരിയായി ഉരുകി ഒലിച്ചു തീരുമ്പോഴും തനിക്കു ചുറ്റുമുള്ളവര്‍ക്ക് വെട്ടം പകര്‍ന്നു നല്‍കുന്ന എന്റെ നല്ലവരായ പ്രവാസിസഹോദരങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു. നിരാസത്തിന്റെ കൊടുംവേനലിലും സ്നേഹത്തിന്റെ നിറഞ്ഞ കുടവുമായി ജീവിച്ചു തീര്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക്....)

ഡിസംബറിലെ ഒരു സായം സന്ധ്യ. പകലിനെ വിഴുങ്ങാന്‍ രാത്രി ശ്രമം ആരംഭിക്കുകയാണ്. അല്ലെങ്കിലും അടുത്ത നാളുകളിലായി രാവിനു വല്ലാത്തൊരു ധൃതിയാണ്. നേരത്തെ തന്നെ ഇറങ്ങിപ്പുറപ്പെടുകയാണ്. പകലിനെ കീഴടക്കാന്‍. ഈ അധീശത്വത്തിനു ഒരു ദിവസത്തിന്റെ ആയുസ്സേ ഉള്ളു എന്നറിയാന്നിട്ടല്ല. ഇപ്പോള്‍ കുറച്ചു നാളത്തേക്ക് എനിക്കാണ് നീളം കൂടുതല്‍ എന്ന് ബോധ്യപ്പെടുത്താന്‍ രാത്രി പകലുമായി ഏറ്റുമുട്ടുകയാണ്. രാത്രിയും പകലുംതമ്മിലുള്ള ഈ കടിപിടി കൂടലിനിടയില്‍ അയാളുടെ കണ്ണുകള്‍ ആകാശത്തിന്റെ അനന്തതയിലേക്കും അംബര ചുംബികളായ മനോഹരകെട്ടിടങ്ങളിലേക്കും മാറി മാറി പതിച്ചു. കോറനെഷനിലെ പച്ചപുല്തകിടില്‍ മലര്‍ന്നു കിടന്നു വെറുതെ ചിന്തകളുടെ കെട്ടഴിച്ചു വിട്ടു.

വല്ലാതെ ആഗ്രഹിച്ചു തന്നെയാണ് പ്രവാസം തിരന്നെടുത്തത്. ഗള്‍ഫ്‌ സ്വപ്നം വര്‍ണ്ണ പൊലിമയോടെ മനസ്സില്‍ താലോലിച്ചു നടന്ന എന്പതുകളിലെ കൌമാരം. സെന്റിന്റെപരിമളവും കുപ്പായ കീശയില്‍ പൊന്തി നില്‍ക്കുന്ന ‘റോത്ത്മാന്‍സ്’ പാക്കറ്റും ഉയരമുള്ള ചെരുപ്പും ചവിട്ടി വിലസിനടക്കുന്ന ദുബായിക്കാരനെ കണ്ടാല്‍ ആരും ഒന്ന് കൊതിച്ചു പോവുന്ന കാലം. കറുത്ത് നീര്‍ക്കോലി പോലെ മേലിന്ന ചെക്കന്മാരെല്ലാം കടലും കടന്നു രണ്ടു കൊല്ലം കഴിന്നു നാട്ടിലേക്കു തിരിച്ചു വരുമ്പോള്‍ വെളുത്തു ചീര്‍ത്തു നല്ല ഗ്ലാമര്‍ ആകുന്ന കോലം. വരുന്നോരൊക്കെ അഞ്ചും പത്തും സെന്റ് ഭൂമി വാങ്ങി പത്രാസുകാരന്‍ ആവുന്നതും മോഹിപ്പിക്കുന്ന കാഴ്ച തന്നെ. കൂടാതെ മലയാളം അല്ലാതെ മറ്റൊന്നും കേട്ടിട്ടില്ലാത്ത നങ്ങള്‍ക്ക് മുമ്പില്‍ (ഹിന്ദി, തമിള്‍ സിനിമകള്‍ ഒന്നും അക്കാലത്തു കാണാരുണ്ടായിരുന്നില്ല) അറബിയും ഹിന്ദിയും കേരംസ് കളിക്കുന്നിടത് വെച്ചുംമറ്റും ഗള്‍ഫുകാര്‍ തമ്മില് കോഡ് ഭാഷയായി ഉപയോഗിച്ചപ്പോള്‍ അന്തം വിട്ടിരുന്ന സമയം.‍ എല്ലാം കൂടി മനസ്സിനെ മത്തു പിടിപ്പിച്ചപൊന്‍ വിളയും നാട്ടിലേക്ക് ഒരു എന്‍.ഓ.സീ തരപ്പെടുത്താന്‍ ഉപ്പാക്ക് പുറമേ ബന്ധുക്കളോടും കൂട്ടുകാരോടും യാചിച്ചു പറഞു. അങ്ങിനെ ഒടുവില്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ചിറകിലേറി ഖത്തറിലേക്ക്.

കീശയില്‍ നിന്ന് മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ പ്രവാസ ചിന്തകള്‍ ഇടയ്ക്കു വെച്ച് മുറിയുകയായിരുന്നു. ഊഹം തെറ്റിയില്ല. നാട്ടില്‍ നിന്ന് നല്ല പാതിയുടെ മിസ്സ്‌ കോള്‍. തിരിച്ചു വിളിച്ചാല്‍ അവള്‍ക്കു പറയാന്‍ ഉള്ളത് ഏതാണ്ട് ഇതൊക്കെ തന്നെയായിരിക്കും. "മൂത്തവള്‍ പതിനെട്ടിലേക്ക് കടക്കുകയാണ്. വയസ്സില്‍ രണ്ടു കൊല്ലം പുറകിലാണെങ്കിലും വളര്‍ച്ചയില്‍ ഇത്താത്തയെ കടത്തിവെട്ടും നിങ്ങളുടെ പുന്നാര കറുപ്പച്ചി മോള്. രണ്ടിന്റെയും കഴുത്തിലും കാതിലുമായി ഇപ്പോള്‍ ഉള്ളത് മൂന്നു പവന്‍ പോലും തികയില്ല. എന്ടടുത്തുള്ളതെല്ലാം പുര ഉണ്ടാക്കാനായിവില്‍ക്കുകയും ചെയ്തു. എത്ര പറഞ്ഞാലും നിങ്ങള്ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകില്ലല്ലോ. ഓരോരുത്തരും ഓരോ വരവിനും കൊണ്ട് വരും രണ്ടും മൂന്നും പവന്‍. നമുക്ക് മൂന്നു പെണ്‍കുട്ടികളാണ് ഉള്ളത്. സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ വില എത്രയാ?.എനിക്കറിയില്ല. ഇവരെയൊക്കെ നമ്മള്‍ എങ്ങിനെയ കെട്ടിച്ചു വിടുക. നിങ്ങള്‍ക്കിതോന്നും വലിയ കാര്യമല്ലല്ലോ. KMCC എന്നും പള്ളി-മദ്രസ കമ്മിറ്റി എന്നും പറഞു നാട്ടുകാരെ നന്നാക്കി നടന്നോളൂ. നാളെ ഇങ്ങളെ കുട്ട്യെളെ കാര്യം ഓല് നോക്കുമോ? ‍"

ഇതും പറഞ്ഞവസാനിപ്പിച്ചു അവള്‍ ഫോണ്‍ വെച്ചപ്പോള്‍ ആണ് ഓര്‍ത്തത്‌. മുസ്തഫാനോടും സഫുവാനോടും ഇന്ന് രാത്രി പിരിവിനു ഇറങ്ങാം എന്ന് പറഞ്ഞതല്ലേ. മദ്രസ്സയില്‍ പഠിപ്പിക്കുന്ന മലപ്പുറത്തുകാരന്‍ ഉസ്താദിന്റെ മകളുടെ കല്യാണത്തിന് രണ്ടു ലക്ഷം എങ്കിലും ഉണ്ടാക്കി കൊടുക്കേണ്ടതു ഞങ്ങള്‍ ഖത്തര്‍ കമ്മിറ്റിക്കാരുടെ ഉത്തരവാദിത്തം ആണല്ലോ. ഷിഫ്റ്റ്‌ ഡ്യൂട്ടി കഴിന്നു 8 മണിക്ക് ഇറങ്ങി ബിന്മഹമൂദില്‌ സഫുവാന്‍ എത്തുമ്പോഴേക്കു ഖോറില്‍നിന്ന് മൂസ്തഫ വണ്ടിയുമായി എത്തും. പിരിവു എവിടെയും എത്തിയിട്ടില്ല. അടിച്ച പുറത്തു തന്നെയാണ് വീണ്ടും വീണ്ടും അടിക്കുന്നത്. ചിലരില്‍ നിന്നെല്ലാം പൈസ വാങ്ങുമ്പോള്‍ ചെറിയ ഒരു വിമ്മിഷ്ടം. 1600 ശമ്പളക്കാരന് ഭക്ഷണവും റൂമും മറ്റു ചിലവുകളും കഴിച്ചാല്‍ വലിയ മിച്ചമൊന്നും ഉണ്ടാകില്ല. നാട്ടിലെ എണ്ണിയാല്‍ തീരാത്ത പ്രാരാബ്ദങ്ങളുടെ പരാതിക്കിടയില്‍ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അത്തരക്കാരോട് പിരിവു വാങ്ങുമ്പോള്‍ ഉള്ളില്‍ ഒരസ്വസ്ഥത. എന്നാല്‍ ഏറ്റവും സന്തോഷത്തില്‍ സംഭാവന തരുന്നത് ഇത്തരക്കാര്‍ ആണ്. ജീവിതത്തിന്റെ ആധിയും ആകുലതകളും വേണ്ടുവോളം അനുഭവിക്കുന്നവരാണല്ലോ അവര്‍!!?.

കഴിഞ്ഞ മാസമാണ് മദ്രസ്സ കമ്മിറ്റി സെക്രട്ടറി വിസിറ്റ് ചെയ്തു പോയത്. മദ്രസ്സയുടെ നടത്തിപ്പിന് ഒരു സ്ഥിര വരുമാനം. എല്ലാ കാലവും വീട്ടില്‍ കയറി വരിസംഖ്യ പിരിപ്പിക്കാന്‍ ആവില്ല. ടൌണില്‍ രണ്ടു മുറി കെട്ടിടം പണിതാല്‍ താഴത്തെ നില വാടകയ്ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന പകിടി വാങ്ങിച്ചു മേലത്തെ പണിയും തുടങ്ങാം. അപ്പോഴത്തെക്ക് ദുബായില്‍ നിന്നും എന്തെങ്കിലും കിട്ടാതിരിക്കില്ല. ഈ ഐഡിയയുമായിസെക്രട്ടറി വിളിച്ചപ്പോള്‍ കൊള്ളാമെന്നു തോന്നി. ഏതായാലും പ്രതീക്ഷിച്ചതിലും ഏറെ വിജയമായിരുന്നു കലക്ഷന്.

ഉസ്താദിന്റെ പിരിവു ഒന്ന് വേഗം തീര്‍ത്തിട്ടു വേണം അടിവാരത്തെ ഒരു പാവം സഹോദരനു KMCC  നിര്‍മ്മിച്ച്‌ കൊടുക്കുന്ന വീടിന്റെ പദ്ധതിക്ക് തുടക്കം കുറിക്കാന്‍. ഓല വെച്ച് കെട്ടിയ ആ ഷെഡ്‌ ഞാന്‍ നേരില്‍ കണ്ടതാണല്ലോ. ആസ്തമ രോഗിയായ ആ ചെറുപ്പക്കാരന്റെ ദയനീയ മുഖം മനസ്സില്‍ നന്നായി തെളിയുന്നു. പറക്കമുറ്റാത്ത രണ്ടു പൈതങ്ങള്‍. ആര്‍ത്തലച്ചു പെയ്താല്‍ മഴയെ തടുക്കാന്‍ ഒരു താര്‍പ്പായ തല്ക്കാലം നാട്ടുകാര്‍ വാങ്ങിക്കൊടുത്തു.

മനസ്സു ചിലപ്പോള്‍ അങ്ങിനെയാണ്. സ്ഥലകാല ബോധമില്ലാതെ എടുത്തു ചാടുന്നു. വീടിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ പ്രിയതമയുടെ വാക്കുകള്‍ കാതുകളില്‍ വന്നലക്കുന്നു പ്രവാസം ഒന്നര പതിറ്റാണ്ടും കുടുംബ ജീവിതം 13 വര്‍ഷവും പൂര്‍ത്തിയായിട്ടും പണി പൂര്‍ത്തിയാകാത്ത വീടിനെ ക്കുറിച്ച അവളുടെ പരാതിയിലും കഴംബില്ലേ? രണ്ടു ബെഡ് റൂമും കിച്ചണും മാത്രമേ തേപ്പു കഴിന്നിട്ടുള്ളൂ. ജനല്‍ പാളികളും തഥൈവ! നിലത്തിന്റെ പണി കഴിയാത്തതിനാല്‍ അലര്‍ജിയുടെ ശല്യമുള്ള മൂന്നാമത്തവളുടെ കാര്യം കഷ്‌ടം. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനയും റോക്കറ്റ്‌ പോലെ കുതിച്ചു പായുന്ന കൂലിയും എല്ലാ കണക്കു കൂട്ടലും തെറ്റിച്ചു. "അപ്പോഴേ ഞാന്‍ പറഞ്ഞതാണ് ലോണ്‍ എടുത്തു നിലത്തിന്റെ പണിയും തേപ്പും കഴിക്കാന്‍. നിങ്ങള്‍ അതൊന്നും ചെയ്യില്ല. പലിശയും ലോണും തൊടില്ലെന്ന് വാശി. എന്നിട്ട് ഇപ്പൊ എന്തായി?"

ഇപ്പോഴും പ്രതി സ്ഥാനത്തു ഞാന്‍ തന്നെ. എന്ത് ചെയ്യാം എപ്പോഴും പ്രതിസ്ഥാനത്തു ഇരിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണല്ലോ നമ്മള്‍ പ്രവാസികള്‍! നാട്ടില്‍ പറമ്പിനു റേറ്റ് വര്‍ദ്ധിപ്പിച്ചത്‌ മുതല്‍ അയക്കൂറക്ക് വില കൂട്ടിയവര്‍ വരെ നമ്മള്‍ ആണെന്നാണ്‌ നാടുകാരുടെ വെപ്പ്.

ജീവിതത്തിന്റെ ഒഴുക്കില്‍ 'ചലനമറ്റ' ദിനങ്ങളുടെ നൊമ്പരം പേറുന്നവര്‍... കരുണയില്ലാത്ത വിധിക്കു മുമ്പില്‍ സ്വപ്‌നങ്ങള്‍ കരിഞ്ഞു പോയവര്‍.... സൌഹൃദവും നാട്ടുകാരും അന്യവസ്തുവായവര്...കൈവിട്ടുപോയ ജീവിതം ഒരിക്കല്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷകള്‍ പോലും നഷ്ടപ്പെട്ടവര്‍... കുടുംബത്തെയും നാടിനെയും അത്രമേല്‍ പ്രണയിക്കയാല്‍ പ്രതിസന്ധികള്‍ കരുത്തായി മാറ്റുകയാണ് പ്രവാസികളെന്നു എത്രപേര്‍ക്കറിയാം? മുസ്തഫയുടെ ഫോണ്‍ കോള്‍ വീണ്ടും ചിന്തകളില്‍ നിന്ന് തട്ടിയുണര്‍ത്തി.

ഷര്‍ട്ടില്‍ പറ്റിപ്പിടിച്ച പുല്ലും മണലും തട്ടി തെറുപ്പിച്ച് പതുക്കെ എഴുന്നേറ്റു ഇരിക്കുമ്പോള്‍ എം മുകുന്ദന്റെ ഒരു കഥാപാത്രം മനസ്സില്‍ കൊള്ളിയാന്‍ മിന്നി. ഒരുപാട് തവണ മുള്‍വഴികള്‍ താണ്ടി ദൈവസന്നിധിയില്‍ എത്തി മറ്റുള്ളവരുടെ പ്രയാസങ്ങളുടെയും കഷ്ടപ്പാടുകളുടെയും പരിദേവനം സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു മടങ്ങുമ്പോള്‍ വെറുതെ അയാള്‍ ആലോചിച്ചു. തന്റെ ദുരിതങ്ങളുടെ കെട്ടുകള്‍ ഇതുവരെ ദൈവത്തോട് പറഞ്ഞില്ലല്ലോ. വീണ്ടും മടങ്ങി പോയാലോ..വേണ്ട..സ്വന്തം ആവലാതികള്‍ പെരുപ്പിച്ചു ദൈവത്തെ മുഷിപ്പിക്കണ്ട. കഴിഞ്ഞ ദിവസവും കൂട്ടുകാര്‍ കളിയാക്കിയതാണ്. "സ്വന്തം കാര്യം നോക്കാന്‍ അറിയാത്തവന്‍.... നാട്ടുകാര്‍ക്ക് വേണ്ടിപരക്കം പായുന്നവന്‍.." മനസ്സ് രണ്ട് പക്ഷത് നിന്നപ്പോള്‍ ഏതായാലും ഇവടെവരെ വന്നതല്ലേ. ഇനി കാണാന്‍ ആയില്ലെങ്കിലോ..ഇഷ്ട ദൈവത്തോട് ആവലാതി പറയാന്‍ മടങ്ങാന്‍ തീരുമാനിച്ചു. ആ മടക്ക യാത്രയുടെ ആരംഭത്തില്‍ തന്നെ തന്റെ ഇഷ്ട ദാസനെ ദൈവം തിരിച്ചു വിളിച്ചു. "ഒരിക്കലും സ്വന്തത്തെ കുറിച്ച് പരാതി പറയാത്ത നിന്നെതന്നെയാണ് എനിക്കിഷ്ടം. അങ്ങിനത്തെ അവസ്ഥയില്‍ തന്നെ നീ എന്നിലേക്ക്‌ വരണം". എന്നായിരിക്കുമോ പെട്ടെന്നുള്ള ഈ തിരിച്ചു വിളിയിലൂടെ ദൈവം ഉദ്ദേശിച്ചത്..

1 comment: