ഡോട്ട് കോം വെള്ളികുളങ്ങരയെ കുറിച്ച്.
ജീവിച്ച കാലത്തെയും ദേശങ്ങളെയും
അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാള്‍. ഇവിടെ ഞാന്‍ ഒരെളിയ പ്രതിനിധി മാത്രം.
വെള്ളികുളങ്ങരക്കാരന്‍. ചരിത്രത്തില്‍ അങ്ങനെയും ഒരു രേഖപ്പെടുത്തല്‍ ആയിക്കോട്ടെ.
തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര മാത്രം പരിചയമുള്ള ആളുകള്‍ പലയിടത്തു നിന്നും
പരിപാടികളില്‍ പങ്കെടുത്തു പുറത്തിറങ്ങുമ്പോള്‍ ചോദിക്കാറുണ്ട്-തൃശൂരില്‍..? തിരുത്തുകയാണ് പതിവ് "ആ വെള്ളിക്കുളങ്ങരയല്ല; ഇത് വെള്ളികുളങ്ങര". കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഒഞ്ചിയം
പഞ്ചായത്തിലെ ഒരു സാധാരണ പ്രദേശം. ഓര്‍മ്മയില്‍ ഈ നാട് വാലായി ഉപയോഗിച്ച്
തുടങ്ങിയത് ഈയുള്ളവന്‍. അതുകൊണ്ട് ഈ പട്ടം തന്നെ ധാരാളം.'ശംസുദ്ദീന്‍ വെള്ളികുളങ്ങര'
ഞാന്‍ കരുതുന്നു. യോജിപ്പുകളെക്കാള് എനിക്കിഷ്ടം വിയോജിപ്പുകളാണ്. അപ്പോളെ എനിക്കെന്റെ നിലപാടുകളുടെ ഭദ്രതയും കനക്കുറവും തിരിച്ചറിയാനാവൂ. അത് കൊണ്ട് എപ്പോഴും വിയോജിക്കാനുള്ള നിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഞാന്‍ നിലകൊള്ളും. ചര്‍ച്ചകളുടെ മൂശയില്‍ വാര്‍ത്തെടുക്കുന്ന കാഴ്ചപ്പാടുകള്‍ തന്നെയാണ് പൊതിഞ്ഞു കെട്ടി പുറം കാണിക്കാതെ, സുഭദ്രമെന്നു കരുതി അടയിരിക്കുന്ന നിലപാടുകളെക്കാള്‍ കാലത്തെ അതിജയിക്കുക. ആശയ തലങ്ങളിലെ അങ്കം കുറിക്കലുകള്‍ ആദര്‍ശങ്ങള്‍ മൂര്ച്ചപ്പെടുത്താന്‍ ഉള്ളത് തന്നെയാണ്. നന്മയും വെളിച്ചവും ഒരിടത്ത് മാത്രം ഒതുക്കി നിര്‍ത്തപ്പെട്ടതല്ല. എല്ലായിടത്തും ഏറിയും കുറഞ്ഞും നൈതികതയും ധാര്‍മ്മികതയും കുടികൊള്ളുന്നു എന്നതാണ് സത്യം. അവയെ മതമെന്നും ആത്മീയമെന്നും മതനിരാസമെന്നും ഭൌതികതയെന്നും എന്ത് പേരിട്ടും വിളിക്കാം. എല്ലാത്തില്‍ നിന്നും നന്മയുടെ സാരാംശം ഉള്‍ക്കൊള്ളാനുള്ള വിശാലമായ മാനവികബോധം വേണമെന്ന് മാത്രം.
കറുപ്പിനും വെളുപ്പിനുമിടയിലുള്ള 'ചാര മേഖല'യിലും ചിലപ്പോള്‍ ചില വസ്തുതകള്‍ കുടികൊള്ളുന്നുവെന്ന് തോന്നുന്ന ഒരാള്‍. ധാര്‍മ്മികത ഹൃദയ പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പദമാകയാല് നമ്മുടെ ചിന്തകളെ ഹൃദയത്തിന് വിട്ടുകൊടുക്കുക. എന്റെ നിലപാടുകള്‍ ആത്യന്തികമായി ശരിയാണെന്ന വാശിക്കാരന്‍ അല്ല ഞാന്‍. അറിഞ്ഞിടത്തോളം, മനസ്സിലാക്കിയടത്തോളം നിഗമനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന "ശരി" ആണെന്ന് മാത്രം. നിങ്ങള്ക്ക് ബോധ്യപ്പെട്ട ശരികള്‍ എന്നെ ബോധ്യപ്പെടുത്താന്‍ കഴിയുമെങ്കില്‍ എന്റെ ചിന്തകളെ ഞാന്‍ തുറന്നു വിടുന്നു......
No comments:
Post a Comment