Sunday, 20 January 2013

പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ മുളപൊട്ടിയ മടപ്പള്ളി കോളേജിന്റെ കുന്നിന്‍ പുറത്തുകൂടി ഒരുവട്ടം കൂടി കയറി ഇറങ്ങിയപ്പോള്‍ ഓര്‍മ്മകള്‍ എന്പതുകളുടെ അവസാനത്തിലേക്ക് പറന്നു പൊങ്ങുകയായിരുന്നു. മധുരമൂറുന്ന ക്യാമ്പസ്‌ അനുഭവങ്ങള്‍ ജീവിതത്തില്‍ ചാലിച്ച ഈ മനോഹര കുന്നിന്‍പുറം വല്ലാത്തൊരു അനുഭൂതിയാണ് അകക്കാമ്പില്‍ കോറിയിടുന്നത്. കാറ്റാടി മരങ്ങളും ആര്‍ട്സ് ബ്ലോക്കും സയന്‍സ് ബ്ലോക്കും കുറച്ചു പിന്നിലായി കിടക്കുന്ന കശുവണ്ടി തോട്ടവും.....അങ്ങിനെ എല്ലാം മനസ്സില്‍ നഷ്ടബോധത്തിന്റെ കാന്‍വാസില്‍ തിക്കി തിരക്കി തികട്ടി വരുന്നു.
കൌമാര സ്വപ്‌നങ്ങള്‍ മൂപ്പെത്തിയ പഴയ കരിമീശക്കാരന്റെ രൂപം എത്ര ആലോചിച്ചിട്ടും തെളിയാത്തത് പോലെ. ഓര്‍മ്മകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്. ചിലന്തി വലയില്‍ കുടുങ്ങിയത് പോലെയുള്ള അവ്യക്തത. ചെവി മറച്ചു കൊണ്ട് തിങ്ങി നിറഞ്ഞ മുടി കുരുവിക്കൂട് സ്റ്റൈലില്‍ വാര്‍ന്നോതുക്കിയ ചിത്രം ചെറുതായി തെളിയുന്നു. വയനാട് ചുരത്തിലെ ഹെയര്‍പിന്‍ വളവുകള്‍ കുത്തനെ കയറുന്ന KSRTC ബസ്സ് പോലെ മിനക്കെട്ടാണ് ഓര്‍മ്മയുടെ ഭാണ്ടക്കെട്ടുകളില്‍ നിന്നും പലതും ചികന്നെടുക്കുന്നത്.
എന്പതുകളിലെ കാമ്പസുകളില്‍ വിപ്ലവവും തീവ്ര പ്രണയവും കൈകോര്‍ത്തു പിടിച്ചു നില്‍ക്കുന്നത് കാണാമായിരുന്നു. ഇടതു പക്ഷ ചിന്തകളുടെ മാനവിക മുഖം ഏറെ അന്ഗീകരിക്കപ്പെട്ടത്‌ അക്കാലത്തെ കാമ്പെസുകളില്‍ ആണെന്ന് തോന്നുന്നു. സാമൂഹ്യ ബോധവും വിപ്ലവ ചിന്തയുമുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന ഒരു ജാഗര യൌവ്വനം. അതായിരുന്നു അന്നത്തെ കാമ്പസുകളുടെ പ്രത്യേകത. ജയപ്രകാശ്‌നാരായണന്റെയും ഡോക്ടര്‍ ലോഹ്യയുടെയും സോഷ്യലിസ്റ്റ്‌ ചിന്തകളില്‍ അല്പം ആകര്ഷിക്കപ്പെട്ടതും ഈ കലാലയ ജീവിതത്തില്‍ വെച്ചായിരുന്നു.
"കലാലയത്തിന്‍ ഇടനാഴികളില്‍ ചോര വീണു ചുവക്കരുതെ..ജെ പീ വിട്ട പടക്കുതിര..ചീറി പാഞ്ഞു വരുന്നുണ്ട്.. ആര് തടുക്കും.....ആര് ചെറുക്കും..
സോഷ്യലിസ്റ്റ്‌ ജനതയുടെ വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രവാക്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്ന് തോന്നുന്നു.
മലയാള ചെറു കഥകള്‍ പ്രണയഅക്ഷരങ്ങളായി ആത്മാവിലേക് ഊര്ന്നിറങ്ങിയത് ഈ കാമ്പസിലെ മരതണലുകളില്‍നിന്നാണ്. വായനയുടെ മര്‍മ്മരം...എഴുത്തിന്റെ സുഖം...വീക്ഷണങ്ങള്‍ രൂപപ്പെടുന്നതിന്റെ പേറ്റുനോവ്....ഒപ്പം പ്രണയ വര്‍ണ്ണങ്ങള്‍ പീലി വിടര്‍ത്തി ആടുന്നതിന്റെ അത്യാഹ്ലാധവും...!!!ആനന്ദിക്കാന്‍ ഇതിലേറെ എന്ത് വേണം..!!?
സെക്കന്റ്‌ പ്രീഡിഗ്രിക്കാര്‍ ഫസ്റ്റ് PDC കാരെ റാഗ് ചെയ്യുക എന്ന ക്യാമ്പസ്‌ ശീലം പതിവ് തെറ്റാതിരിക്കാന്‍ സുഹൃതുകളായ ഹനീഫ,രമേശന്‍,അഫ്സല്‍ എന്നിവര്‍ക്കൊപ്പം ഫസ്റ്റ് PDC ബ്ലോക്കിലെക്കുള്ള സ്ഥിരം കറക്കത്തിലാണ് ആ കൊച്ചു സുന്ദരി എന്റെ ഉള്ളില്‍ കയറിപ്പറ്റിയത്. തേര്‍ഡ് ഗ്രൂപിലെ വെളുത്ത് ഉയരം കുറഞ്ഞ ആ പെണ്‍കുട്ടി. മറ്റു മൂന്ന് പേരും ചില ലൈനുകളില്‍ കൊളുതിയതിനാല്‍ എനിക്ക് വേണ്ടതിലധികം പ്രോത്സാഹനമാണ് അവരില്‍ നിന്ന് കിട്ടിയത്.
നിഷ്കളങ്കമായ ഒരു ക്യാമ്പസ്‌ പ്രണയം മൊട്ടിടുന്നത് അങ്ങിനെയാണ്. കണ്ണും കണ്ണും കണ്ണിമയ്ക്കാതെ ഏറെ നേരം നോക്കിയിരുന്നതും വാചാലതയെക്കാള്‍ മൌനം അര്‍ത്ഥ ഗര്ഭമാവുന്നതും പ്രണയ വഴികളിലെ സുഖമുള്ള നൊമ്പരമായിരിക്കാം..പ്രേമ ലേഖനങ്ങളില്‍ വടിവൊത്ത അക്ഷരങ്ങളില്‍ വളന്നും നിവര്‍ന്നും നില്‍ക്കുന്നത് സ്നേഹത്തിന്റെ ആഴവും പരപ്പും തന്നെയാണ്.
ഒടുവില്‍ വേര്‍പാടിന്റെ വിരഹ വേദനയുമായി മടപ്പള്ളി കോളേജിന്റെ കുന്നിറങ്ങി ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് വലിഞ്ഞു കയറാന്‍ തുടങ്ങിയപ്പോള്‍ എല്ലാം ഓര്‍മ്മകള്‍ മാത്രം. CO-OPERATIVE കോളേജില്‍ ബി-കോം പഠനത്തിനു ശേഷം വീണ്ടും ഒരിക്കല്‍ വടകര വെച്ച് അവളെ കണ്ടിരുന്നു. ബീ എഡിന് ചേര്‍ന്ന് ടീച്ചറായി കുട്ടികളെ പഠിപ്പിക്കണമെന്ന മോഹം പങ്കുവെച്ച ശേഷം പോയ്‌മറഞ്ഞ അവള്‍ ഇന്നെവിടെയാണെന്ന് അറിയില്ല. ചെറിയ കാലയളവില്‍ ആണെങ്കിലും പ്രണയ സൌഹൃദത്തിന്റെ കുളിര്‍ കോരി ചൊരിഞ്ഞ പഴയ കൂട്ടുകാരിക്ക് നന്മകള്‍ മാത്രം ആശംസിച്ചു കൊണ്ട് ഈ കുറിമാനം ഇവിടെ അവസാനിപ്പിക്കുന്നു.
"
വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കൂ ഒരു വട്ടം.."

2 comments: