Tuesday, 7 January 2014

ഉമ്മാമയുടെ 'ഉമ്മക്കം'
സ്നേഹത്തിന്റെ നേര്പകര്പ്പായിരുന്നു എനിക്കെന്റെ ഉമ്മാമ. സദാ പ്രസന്നമായ ആ മുഖത്തു
വിവേചനരഹിതമായി എല്ലാര്‍ക്കും നല്കാന്‍ എപ്പോഴും ഒരു പുഞ്ചിരി കാത്തുസൂക്ഷിച്ചിട്ടുണ്ടായി
രുന്നു. പൂളക്കുനിയിലെയും മുണ്ടിയാട്ടെയും കുട്ടോത്തെയും വാതില്‍ കോലായിയില്‍ സൗഹൃദത്തിന്റെ ജനാലകള്‍ തുറന്നിട്ട്‌ ആരെയൊക്കെയോ പ്രതീക്ഷിച്ചു ഉമ്മാമ കസേരയില്‍ ചാരിയും മടങ്ങിയും ഇരുന്നു. അടുത്തവീട്ടിലെ തിരുവാതിര അമ്മയും മാക്കൂലെ മാണിക്കാമ്മയും കരുവാന്റവിട പാത്തൂമ്മയും പടിഞ്ഞാറ് നിന്ന് 'വാങ്ങാന്‍ വരുന്ന' മറിയോമ്മയും അങ്ങിനെ പലരും ചുവന്ന “കാവി”യിട്ട നിലത്തു ചടഞ്ഞിരുന്ന് ഉമ്മാമയുമായി സൊറ പറയും. നാദാപുരം റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ അമ്മയും മോനും ബസ്സിനടിയില്‍ പെട്ടതും കുന്നുമ്മക്കരയില്‌ ഗള്‍ഫ്‌കാരന്റെ ഭാര്യ വീട് പണി ചെയ്യാനെത്തിയ ആശാരിയുമായി 'ലോഗ്യം' കൂടിയതും മുട്ടുങ്ങല്‌-കക്കാട് പള്ളി നേര്ച്ചക്ക് ഇരുപതു ചെമ്പു ഇറച്ചി ചോറ് വെച്ചതും അങ്ങിനെ എണ്ണിയാല് തീരാത്ത വിഷയങ്ങള്‍ അവരുടെ “കോലായികൂട്ടങ്ങളില്‍” സംസാര വിഷയങ്ങളായി. ഇതിനിടയില്‍ ശല്യക്കാരായ് മാറുന്ന ഞങ്ങള്‍ പേര മക്കള്‍ക്ക്‌ നല്ല "ബായിഅറച്ചല്" ഉമ്മാമന്റെ വക കിട്ടും.വേണമെങ്കില്‍ ഒച്ചയുണ്ടാക്കാതെ വയസ്സന്മാരുടെ കഥകള്‍ നമുക്ക് കേള്‍ക്കാം. അത്രമാത്രം. ആരെയും കിട്ടാതെ മടുക്കുമ്പോള്‍ തന്റെ വടിയും കുത്തിപ്പിടിച്ചു മൂന്നു വീടുകളിലും ഉമ്മാമാക്കു മാത്രമായി റിസേര്‍വ് ചെയ്ത മുറിയിലേക്ക് പതുക്കെ മടങ്ങി പോകും. അല്പം ബെഡ്റെസ്റ്റ് എടുക്കാന്‍..
എന്റെ ഉപ്പയുടെ ഉമ്മയും ഉപ്പയുടെ ഉപ്പയും എനിക്ക് രൂപങ്ങളില്‍ പോലുമില്ല. ഉമ്മയുടെഉപ്പയും എന്റെ ഓര്‍മ്മകള്‍ക്ക് മൂപ്പെത്തും മുമ്പേ മരണപ്പെട്ടു പോയതാണ്. ആകെയുള്ളത് ഉമ്മാമ. വാത്സല്യനിധിയായ, എന്നോട് പ്രത്യേകിച്ച് സ്നേഹമുള്ള ഉമ്മാമ. പേരക്കുട്ടികളില്‍ ആണ്‍കുട്ടികളില് മൂത്തവന്‍ ആയതു കൊണ്ട് മാത്രമല്ല അക്കാലത്തു കുടുംബത്തില്‍ സ്വല്പം ‘പഠിപ്പും വിവരോം’ ഉള്ളോനായി എന്നത് കൊണ്ടും ഉമ്മാമയുടെ അടുത്ത് സ്പെഷല്‍ പരിഗണന കിട്ടാറുണ്ടായിരുന്നു എനിക്ക്. വയസ്സന്മാരെ കളിപ്പിക്കാന്‍ ഒരു പ്രത്യേക മിടുക്കായിരുന്നു എനിക്കെന്നു ഇപ്പോഴും ഉമ്മ പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അടുത്ത വീട്ടിലെ ആണ്ടി അപ്പൂപ്പന്‍ കോലായില്‍ ഇരിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ ഞാന്‍ പുരയില്‍ നിന്ന് കണ്ണാടി എടുത്തു സൂര്യ പ്രകാശം അപ്പൂപ്പന്റെ കണ്ണിലേക്കു പ്രതിഫലിപ്പിക്കാറുണ്ട്. പാവം കണ്ണ് കാണാതെ മുഖം തിരിച്ചു ഇതെവിടുന്നാണെന്ന് അറിയാതെ ചുറ്റും കണ്ണോടിക്കുമ്പോള് ഞാനും അനിയനും കൈമുട്ടി ചിരിക്കും. ഒരിക്കല്‍ ഇത് കണ്ടു പിടിച്ചപ്പോള്‍ ഉമ്മയുടെ കയ്യില് നിന്ന് നല്ല ചുട്ട അടി മേടിച്ചിട്ടുണ്ട്. ഇതറിഞ്ഞ അപ്പൂപ്പന്‍ ഉമ്മയോട് പരിഭവം പറഞ്ഞു - എന്നെ തല്ലിയതിന്.
വീണ്ടും ഉമ്മാമയിലെക്കു വരാം... സംസാരത്തിന്റെ രസ മുഹൂര്‍ത്തങ്ങളില്‍ മയങ്ങിപ്പോകുംപോള്‍ ഉമ്മാമാന്റെ വടി ആരും കാണാതെ ഒളിപ്പിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു എനിക്ക്.‍വടിയും തപ്പി ഉമ്മാമ തടഞ്ഞു നടക്കുന്നത് കാണാന്‍ നല്ല രസമാണ്. ചിലപ്പോള്‍ ചാക്കിന്റെ വക്ക് കൊണ്ട് ഉമ്മാമ കാണാതെ പിന്നിലൂടെ തട്ടത്തില്‍ കെട്ടിടുകയും ഒരറ്റത്ത് കനം കുറഞ്ഞ എന്തെങ്കിലും കൂട്ടി കെട്ടുകയും ചെയ്യും. ഇതറിയാതെ എഴുന്നേറ്റു നടക്കുമ്പോള്‍ പിന്നിലൂടെ വലിച്ചിഴയുന്ന സഞ്ചിയോ മറ്റോ കണ്ട് മറ്റുള്ളവര്‍ക്ക് ചിരി പൊട്ടും. ഉടനെ ഉമ്മാമാക്കു കാര്യം പിടികിട്ടും.പിന്നെ എല്ലാരും കൂടി കൂട്ടച്ചിരിയായി. ഇത് ചെയ്യാനുള്ള അവകാശം (ധൈര്യവും!) എനിക്ക് മാത്രമേ തന്നിരുന്നുള്ളു. "അത് മാണ്ടെട നൈശൂ" എന്ന ഉമ്മാമയുടെ പരിഭവത്തില്‍ അനുഭവിച്ചു കൊതി തീരാത്ത ഇഷ്ടത്തിന്റെയും വാത്സല്യത്തിന്റെയും നനവ്‌ മതിയാവോളം ഉണ്ടായിരുന്നു. കുത്ത് കുത്തുള്ള നൈസായ വെള്ളത്തുണി കുപ്പായവും മിനുസമുള്ള ഫോറിന്‍ ലുങ്കിയും കാച്ചി തട്ടവും ഇട്ടു എപ്പോഴും ചമഞ്ഞിരിക്കുമായിരുന്നു ഉമ്മാമ. ഉമ്മാമയുടെ ചുളിവു വീണ കവിളുകളില്‍ ഇടയ്ക്കിടെ മുത്തം (ഉമ്മാമയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഉമ്മക്കം') കൊടുക്കാറുണ്ടായിരുന്നു ഞാന്‍. "എടങ്ങാറാക്കല്ല നൈശൂ" എന്ന് പറഞ്ഞു തല വെട്ടിക്കുമെങ്കിലും കഴുത്തു പിടിച്ചു ഉമ്മാമയുടെ നെറ്റിയിലും കവിളിലും ചുംബിച്ചേ ഞാന്‍ പിന്‍ വാങ്ങാറുള്ളൂ. മൂന്നു തവണ കഴുത്തു പിടിച്ചു ചേര്‍ത്ത് വെച്ച് ഈ മുത്തം ഉമ്മാമ എനിക്ക് തിരിച്ചു തന്നത് മധുരസ്മ്രുതിയായി മനസ്സില്‍ തികട്ടി വരുന്നു. ആദ്യം ഖത്തര്‍-ലേക്ക് യാത്രയാവുമ്പോള്‍ കരഞ്ഞു കൊണ്ട് വാതുക്കല്‍ അകത്തെ കസേരയില്‍ ഇരുന്നു ഉമ്മക്കം നല്‍കി യാത്രയാവുമ്പോള്‍... പിന്നെ അതെ ഹാളില്‍ വെച്ച് എന്റെ കല്യാണ സമയത്ത്എഴുന്നേറ്റു നിന്ന് ആള്‍ക്കൂട്ടത്തില്‍... ഒടുവില്‍ രണ്ടാമത്തെ ട്രിപ്പ്‌ ഖത്തര്‍-ലേക്ക് തിരിക്കുമ്പോള്‍ ചായ്പിന്ടകത്തെ കട്ടിലില്‍ കിടന്നു കൊണ്ട് എന്നെ ചേര്‍ത്ത് പിടിച്ചു തുരുതുരെ ഉമ്മ തരുമ്പോള്‍ ഉമ്മാമ പിറുപിറുക്കുന്നത് പോലെ എനിക്ക് തോന്നി-ഇനി എന്റെ നൈശു വരുമ്പോള്‍ ഈ ഉമ്മാമ ഉണ്ടാകുമോ?
ഉമ്മാമയുടെ ആശങ്ക അസ്ഥാനത്ത് ആയിരുന്നില്ല. ഞാന്‍ ഇവിടെയെത്തി നാലു മാസം തികയും മുമ്പ് ആ വാര്‍ത്ത‍ എന്നെ തേടി എത്തി. ദൈവത്തിന്റെ ഖജാനയില്‍ ഉമ്മാമക്ക് അനുവദിച്ച സമയം തീര്‍ന്നിരിക്കുന്നു.ദോഹ ജദീദിലെ റൂമില്‍ അടക്കി പിടിച്ച ദുഖം തേങ്ങി തേങ്ങി കണ്ണീര്‍ പുഴയായ് ഒഴുക്കി തീര്‍ത്തപ്പോള്‍ മനസ്സില്‍ നിറഞ്ഞത് ഉമ്മാമയുടെ ഉമ്മക്കം മാത്രം. ഇപ്പോള്‍ നാട്ടില്‍ പോകുമ്പോളും തിരിച്ചു വരുമ്പോളും കുട്ടോത്തെ മൂത്തുമ്മ ഉമ്മാമയുടെ പിന്‍ഗാമിയായി ആ ഉമ്മക്കം തുടരുമ്പോള്‍ തോന്നി പോകുന്നു. ഞാന്‍ ധന്യനാണ്. എന്റെ ഉമ്മാമ എനിക്ക് വേണ്ടി മൂത്തുമ്മയിലൂടെ ജീവിക്കുന്നു..

തൊണ്ണൂറ്റി ഒന്‍പതു ഏപ്രിലില്‍ ഉമ്മാമ മടങ്ങിയത് കോലായും ഊന്നു വടിയും ഇല്ലാത്ത മടക്കമില്ലാത്ത ലോകത്തെക്കായിരുന്നു. 'നൈശുവിന്റെ എടങ്ങാറാക്കല്‍' ഇല്ലാത്ത ഒരിടത്തേക്ക്. ഇപ്പോഴും ഓര്‍മ്മകളില്‍ കണ്ണീര്‍ ചാലിച്ച ഒരു നൊമ്പരമായി ഉമ്മാമയുടെ വേര്‍പാട്‌ ഉള്ളില്‍ തങ്ങിനില്‍ക്കുന്നു. ദോഹയിലെ പഴയ ഘാനം മസ്ജിദില്‍ മയ്യത്ത് നിസ്കാരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു കരച്ചില്‍ നിയന്ത്രിക്കാന്‍ പാടുപെട്ടത് ഇന്നലെകഴിഞ്ഞതു പോലെ തോന്നുന്നു. കാലചക്രം എത്ര വേഗത്തിലാണ് കറങ്ങി പോയത്? പതിനാലു വര്‍ഷങ്ങള്‍...!! (ജഗനിയന്താവ് ഉമ്മാമക്ക് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ..)

Friday, 13 December 2013

ചായിക്കാടന്‍ ലീഗ് പറയുന്നു

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഒഞ്ചിയം പഞ്ചായത്തില്‍ വെള്ളികുളങ്ങര ദേശത്ത് വേക്കോട്ടുപറമ്പത്ത് താമസിക്കും വീ പീ കുന്നമ്മെദ് എന്ന ചായിക്കാടന്‍. നിയമസഭാംഗം ആയിരുന്ന തോമസ്‌ ചായിക്കാടന്റെ ഫലിതങ്ങള്‍ സംഭാഷണങ്ങളില്‍ സന്ദര്ഭംത്തിനനുസരിച്ച് ഉപയോഗിക്കുന്നതിനാലും നാട്ടു മധ്യസ്തങ്ങളില്‍ ചായി(ന്യായം) പറഞു വിജയിക്കാന്‍ മിടുക്കുള്ളതിനാലും ഈ പേര് കിട്ടിയെന്നാണ് കേട്ടുകേള്വിള..
മുസ്ലിം ലീഗിന്റെഭ ചരിത്രം (പ്രത്യേകിച്ച് വടകര താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും) പുതിയ തലമുറയ്ക്ക് കൈമാറാന്‍ വാതിലുകള്‍ മലര്ക്കെ തുറന്നിട്ടിരിക്കയാണ് ചാഴിക്കാടന്‍. പലവുരു പലര്ക്കും പകര്ന്നു നല്കിയതിനലാവാം ചെത്തി മിനുക്കി നല്ല മയക്കവും വഴക്കവും ഉണ്ട് അദ്ധേഹത്തിന്റെ ചരിത്ര ബോധത്തിന്. പുതിയ തലമുറയില്‍ അധികപേര്ക്കും അപരിചിതമായ പാര്ട്ടി യുടെ പ്രാദേശിക ചരിത്രം അടുക്കി വെച്ചിരിക്കയാണ്‌ അദ്ദേഹം. പ്രായം എഴുപതിനോടടുതെങ്കിലും ലീഗുമായി ബന്ദപ്പെട്ട ഓര്മചകള്ക്ക് ഇപ്പോഴും നല്ല തിളക്കം. ഓര്മ്മകകളുടെ നൂല്‍ പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരിക്കലും ചാഴിക്കാടന് പിഴക്കുന്നുണ്ടായിരുന്നില്ല. അത്രയേറെ ആഴത്തില്‍ നെഞ്ചോടു ചേര്ത്ത് വെച്ചിരിക്കുന്നു അദ്ദേഹം ലീഗ് രാഷ്ട്രീയം.
എതിര്പ്പി ന്റെ കുന്തമുനകള്ക്കി ടയിലൂടെ തീവ്രാനുഭവത്തിന്റെ തീക്കടലുകള്‍ താണ്ടിക്കടന്നു ചരിത്രത്തില്‍ ചെഞ്ചായം അണിന്ന ഒന്ചിയതിന്റെ മണ്ണില്‍ ഹരിത രാഷ്ട്രീയത്തിന് വിത്തിറക്കിയ ത്യാഗ കഥകള്‍ ആവേശ പൂര്വ്വം പങ്കിടുകയാണ് ചാഴിക്കാടന്‍..

RMP രൂപീകരണവും ചന്ദ്രശേഖരന്‍ വധവും നടക്കുന്നതിനും ഒട്ടേറെ മുമ്പുള്ള ഒന്ചിയത്തിന്റെ ചരിതം!!!!!!

(പുതിയ ഒഞ്ചിയം മലയാളക്കരക്ക് ഏറെ സുപരിചിതമാണ്.
കമ്മ്യൂണിസ്റ്റ്‌ നന്മകള്‍ നിലനിര്ത്തുുന്നതിന് വേണ്ടി സിപിഎമ്മില്‍ നിന്ന് പുറത്തു കടന്നു ഒഞ്ചിയം സഖാകള്‍ revelutionay marxist പാര്ട്ടി രൂപീകരിച്ചതും കുലംകുത്തി പ്രയോഗവും വടകരയിലെ സിപിഎം പരാജയവും ഒടുവില്‍ TP ചന്ദ്രശേഖരന്‍ കൊലപാതകം വരെ എത്തി നില്ക്കുംന്ന നിലവിലെ വര്ത്തtമാനങ്ങള്‍..)
പ്രതിപക്ഷമില്ലാത്ത പഞ്ചായത്തായി സിപിഎം സമഗ്രാധിപത്യത്തില്‍ രാഷ്ട്രീയ എതിരാളികള്ക്ക്ാ പ്രവര്ത്തപന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന കാലം.ഒഞ്ചിയം പഞ്ചായത്തില്‍ പല പ്രദേശങ്ങളിലും മറ്റു പാര്ട്ടി ക്കാരുടെ കൊടി ഉയര്ത്താളനോ പോസ്റ്റര്‍ ഒട്ടിക്കാനോ സമ്മതിക്കാത്ത നാളുകള്‍..
തിരഞ്നെടുപ്പ് ദിവസം ബൂത്തില്‍ ഇരിക്കാന്‍ അനുവദിക്കാതെ ഏകപക്ഷീയമായി സിപിഎം-കാര്‍ വിധിയെഴുതുന്ന ഉള്നാങടന്‍ പ്രദേശങ്ങള്‍..ചിലയിടങ്ങളില്‍ ബൂത്തിലിരിക്കാന്‍ സമ്മതിക്കപ്പെടുമെങ്കിലും കള്ള വോട്ടുകള്ക്ക്ന എതിരെ ആക്ഷപം ഉന്നയിക്കുന്നവരെ മര്ദ്ധി്ച്ചും ഭീഷണിപ്പെടുത്തിയും ഒതുക്കിയിരുന്ന കാലം..
ആ ചുവപ്പിന്റെ കടുപ്പത്തില്‍ ഹരിത രാഷ്ട്രീയത്തിന് വിത്ത് ഇറക്കിയവരുടെ ത്യാഗ കഥകള്‍... കണ്നുക്കരയിലെ കുട്ട്യാലി മാഷും ഒന്ചിയാതെ ഊരളുശ്ശേരി മമ്മുക്കയും വെള്ളികുളങ്ങരയിലെ തിട്ടയില്‍ മൂസക്കയും....അക്കൂട്ടത്തില്‍ മന്മറന്നു പോയ നേതാക്കള്‍.
പ്രതിസന്ധികളുടെ നടുക്കടലിലൂടെ, വെല്ലുവിളികള്‍ തീര്ത്തങ കനല്പധങ്ങളിലൂടെ പ്രസ്ഥാനത്തിന് മുമ്പേ നടന്നു ഊര്ജംെ പകര്ന്നവര്‍..
94 ദിവസം 94 കൊടി കെട്ടി പാര്ട്ടി ക്ക് വേണ്ടി കഠിന പ്രയത്നം ചെയ്ത തിട്ടയില്‍ മൂസക്ക . ഓരോ ദിവസം രാത്രിയിലും കെട്ടുന്ന ലീഗിന്റെ പതാകകള്‍ അടുത്ത ദിവസം രാവിലെ കാണാന്‍ കഴിയില്ല.. എന്നാല്‍ അല്പം പോലും പിന്നോക്കം പോവാതെ അടുത്ത കൊടി വീണ്ടും ഉയര്ത്തും .. വെള്ളികുളങ്ങരയിലോ പരിസര പ്രദേശത്തോ ഉള്ള തയ്യല്ക്കാാര്‍ പച്ചക്കൊടി തയ്ച്ചു കൊടുക്കാത്തതിനാല്‍ വടകര താഴെ അങ്ങാടിയില്‍ പോയി കൊടി കൊണ്ടുവന്നാണ് ഇങ്ങനെ ചെയ്തിരുന്നത്!
ഒടുവില്‍ തിട്ടയില്‍ മൂസക്കയുടെ നിശ്ചയ ദാര്ടിയത്തിനും ത്യാഗ സന്നദ്ധതക്കും മുമ്പില്‍ ലീഗ് വിരുധര്ക്ക്ണ അടിയറ പറയേണ്ടി വന്നു. 94 -മത്തെ കൊടി അങ്ങിനെ കുറെ നാള്‍ പറന്നുവെന്നു പഴയ ചരിത്രം! ഇപ്പോള്‍ ലീഗിന്റെ കൊടിയും പോസ്റെരുകളും കാണാത്ത ഇടങ്ങള്‍ ഒന്ചിയത് അപൂര്വ്വം്! 73 വോട്ടുകള്‍ മാത്രം ഉണ്ടായിരുന്ന പാര്ട്ടി ഇപ്പോള്‍ ഏണി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച രണ്ട് അംഗങ്ങളുമായി പഞ്ചായത്തിന്റെ വികസന പ്രവര്ത്തലനത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. RMP യും CPM -ഉം കഴിഞ്ഞാല്‍ ഇവിടുത്തെ മൂന്നാമത്തെ ശക്തി.
ഈ ഒരു വളര്ച്ച്യിലേക്ക് ലീഗിനെ കൊണ്ടെതിക്കുന്നതില്‍ വെള്ളികുളങ്ങര പ്രദേശത്ത് സാരമായ പങ്കു വഹിച്ച തിട്ടയില്‍ മൂസയുടെ നാമധേയത്തിലാണ് പാര്ട്ടിന ഓഫീസ്.ലീഗ് സമ്മേളനങ്ങള്‍ എവിടെ ഉണ്ടെങ്കിലും അവിടെയെല്ലാം തുടക്കത്തില്‍ തന്നെ എത്തിച്ചേരുകയും സമ്മേളനങ്ങള്‍ കഴിയുന്നത്‌ വരെ സസൂക്ഷ്മം ശ്രവിക്കുകയും ചെയ്തിരുന്ന മൂസക്ക കോഴിക്കോടെ വലിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പോയാല്‍ അടുത്ത ദിവസത്തെ ചന്ദ്രിക പത്രം പ്രസ്സില്‍ നിന്ന് അടിച്ചു കിട്ടുന്നത് വരെ കാത്തിരുന്ന് അതുമായി അതിരാവിലെ നാട്ടിലെതുകയുല്ലു.
ആയതിനാല്‍ കോഴിക്കോട് നടക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്ന് പോകുന്ന ബസ്സിലും ലോറിയിലും പോകുമ്പോഴേ മൂസക്ക ഉണ്ടാകൂ. തിരിച്ചു വരുമ്പോള്‍ അദ്ധേഹത്തെ കണക്കാക്കേണ്ടതില്ല. ഇതായിരുന്നു മൂസക്കയുടെ പ്രകൃതം!
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തങ്ങളുടെ സ്ഥാനര്തികള്ക്ക് വോട്ടു ചെയ്യുന്നത് പഠിപ്പിക്കാന്‍ മോഡല്‍ ബാലറ്റ് പെപരുകളുമായി വീടുകളില്‍ കയറി ഇറങ്ങാന്‍ മാര്ക്സി സ്റ്റ്‌ ഭീഷണി കാരണം സാധിക്കാത്ത അവസ്ഥ.! ഒടുവില്‍ ചഴിക്കടനും കൂട്ടരും കണ്ട സൂത്രം മുട്ട കച്ചവടക്കാര്‍ ആയി അഭിനയിച്ചു കൊണ്ട് സ്വന്തം അനുഭാവികളുടെ വീടുകളില്‍ കയറി മടിക്കുത്തില്‍ നിന്നും ഒളിപിച്ചു വെച്ച ബാലടു പെപറുകള്‍ പെട്ടെന്ന് കാണിച്ചു കൊണ്ട് സ്ഥലം കാലിയാക്കുന്നു! സിപിഎം-കാരുടെ ശ്രദ്ധയില്‍ പെടുമ്പോള്‍ മുട്ടക്കച്ചവടം പൊടിപൊടിക്കുന്നു!
അന്നും രാഷ്ട്രീയ പ്രവര്ത്തനനം എന്നത് ലീഗുകര്ക്ക് തിരന്നെടുപ്പുകളില്‍ മത്സരിക്കാനോ വോട്ടു ചെയ്യണോ വേണ്ടി മാത്രമുള്ള ഒന്നായിരുന്നില്ല. മറിച്ച് സമുധായത്തിന്റെ സകലമാന പുരോഗതികള്ക്കുംമ അസ്ഥിതതിനും വേണ്ടിയുള്ള മാര്ഗംമ കണ്ടെത്തല്‍ തന്നെയായിരുന്നു. ഇന്നത്തെ പോലെ ഗള്ഫ്ര‌ പ്രതാപമോ കൊളമ്പു, രംഗൂന്‍ പോരിഷകളും ഇല്ലാതിരുന്ന കാലത്ത് സമുധായത്തിന്റെ സാമ്പത്തിക സ്ഥിതി അത്യന്തം ശോചനീയമായിരുന്നു.
സമുധയത്തിലെ പാവപ്പെട്ടവര്ക്ക് ജീവിതോപാധി കണ്ടെത്താന്‍ ഓല മടന്നു വരുമാനമുണ്ടാക്കാന്‍ സഹായിക്കല്‍ ആയിരുന്നു അക്കാലത്തെ മുസ്ലിം ലീഗിന്റെ റിലീഫ് പ്രവര്ത്ത്നം എന്ന് ചാഴിക്കാടന്‍ ഓര്ത്തെരടുക്കുന്നു. പിന്നീട് വസ്ത്ര-പുസ്തക വിതരണത്തില്‍ നിന്ന് ആട് വിതരനതിലെക്കും ഒടുവില്‍ വീട് നിര്മ്മാ ണ ത്തിലും വരെ പുരോഗമിച്ചു. വിവാഹ ധന സഹായ വിതരണം എക്കാലത്തെയും ലീഗ് രിലീഫുകളില്‍ മുന്തി നില്ക്കു ന്നതനെന്നും അദ്ദേഹം പറന്നു.
ഇന്നത്തെ തലമുറയ്ക്ക് അചിന്തനീയമായ അവസ്ഥയില്‍ നിന്ന് സമുദായവും ലീഗും എത്തി ചേര്ന്നെ പുരോഗതി അല്ഭുതവഹമാനെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു..ഒരു പുരുഷായുസ്സു മുഴുവന്‍ താന്‍ ജീവന് തുല്യം സ്നേഹിച്ച പ്രസ്ഥാനത്തിന് സമര്പ്പിസക്കാന്‍ കഴിന്നതിലുള്ള സായൂജ്യം ചഴിക്കടന്റെ മുഖത്ത് വായിചെടുക്കാമായിരുന്നു.
ദൈവം തമ്പുരാന്‍ വരധാനമായി നല്കിവയ ജീവിതം വെറുതെ ജീവിച്ചു തീര്ക്കു്ന്നതിനുമപ്പുറം താന്‍ ജീവിച്ച കാലത്തെയും നാടിനെയും അടയാളപ്പെടുത്താന്‍ കൂടിയുള്ളതാണെന്ന് ചയിക്കാടന്‍ വിശ്വസിക്കുന്നു. തന്റെ അറിവുകളും അനുഭവങ്ങളും കാലത്തിന്റെ ചുഴികളില്‍ പെട്ട് അഗാധ ഗര്ത്തുങ്ങളില്‍ മുങ്ങി താവാനുള്ളതല്ലെന്നും ചരിത്രത്തിന്റെ ശേഷിപ്പുകളില്‍ ഇടം കണ്ടെത്തണമെന്നും അദ്ദേഹത്തിന് നിര്ബകന്ധമുണ്ട്. കാരണം ഇത് തന്റേതു മാത്രമല്ലല്ലോ.കല്ലും മുള്ളും താണ്ടി ഒരു സമുദായവും സങ്ങടനയും കടന്നു വന്ന കനല്പധങ്ങളുടെ നേര്‍ കാഴ്ച കൂടിയാണല്ലോ...!!

Monday, 2 December 2013

പാണക്കാടിന്റെ സുഗന്ധം .....!!!!!!!!!


കഴിഞ്ഞ അവധിക്കാലം. ഫെബ്രുവരിയിലെ ഒരു ചൊവ്വാഴ്ച. സ്നേഹിതന്മാർക്കൊപ്പം പാണക്കാട്ടെക്ക് ഒരു യാത്ര. സയ്യിദ് മുനവ്വറലി തങ്ങളുടെ സ്നേഹോഷ്മളത വേണ്ടുവോളം ആസ്വദിച്ച ശേഷം സാദിഖലി തങ്ങളെ സന്ദർശിക്കാൻ പോയ സന്ദര്ഭം. യാദൃശ്ചികം ആയെങ്കിലും സാക്ഷ്യം വഹിക്കാനായത് ഏറെ സന്തോഷകരമായ ഒരു മുഹൂർത്തത്തിനു.
മലബാറിന് പുറത്തുള്ള ഒരു ക്രിസ്തുമത അനുയായി. യു.എ.ഇ.ലെ പ്രമുഖ വ്യവസായിയും അവിടെ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം. അദ്ദേഹത്തോടൊപ്പം സാദിഖലി തങ്ങളുടെ റൂമിലേക്ക് ഒന്നിച്ചുള്ള പ്രവേശനമാണ് ഈ ധന്യ മുഹൂർത്തത്തിനു സാക്ഷി ആക്കിയത്. ഇനി മനോഹരമായ ഭാഷയിൽ സാദിഖലി തങ്ങളോടു അദ്ദേഹം മൊഴിഞ്ഞ വാക്കുകൾ ഇങ്ങിനെ വായിച്ചെടുക്കാം..
"കുറച്ചു ദിവസങ്ങള് മുമ്പ് താങ്കളുടെ പ്രസംഗം ദുബൈയിൽ നിന്ന് കേട്ടപ്പോൾ തുടങ്ങിയതാണ് ഒന്ന് നേരിൽ കാണണമെന്ന മോഹം.രാഷ്ട്ര സേവനത്തെ കുറിച്ചും ജീവ കാരുണ്യത്തെ കുറിച്ചുമുള്ള താങ്കളുടെ അദ്ധ്യാപനങ്ങൾ എന്നെ വല്ലാതെ ആകര്ഷിച്ചു.താങ്കളുടെ മുഖത്തു കുഞ്ഞുങ്ങളുടെ നിഷ്കളങ്കത സദാ നിഴലിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അതുകൊണ്ട് തന്നെയാവും കളങ്കം ഒട്ടുമില്ലാതെ സാമൂഹ്യ സേവനം താങ്കൾക്കു സാധ്യമാകുന്നത് എന്നും എനിക്ക് തോന്നുന്നു."
." മലപ്പുറം ജില്ല മുസ്ലിം ലീഗ് കമ്മിറ്റി താങ്കളുടെ നേതൃത്തത്തിൽ ബൈത്തു റഹ്മ എന്ന പേരില് പാവപ്പെട്ടവർക്ക് വീട് നിര്മിച്ച് കൊടുക്കുന്നുണ്ടെന്നു അറിഞ്ഞു."ഇനി എനിക്ക് ഒരപേക്ഷയുണ്ട്.താകൾ അത് സ്വീകരിച്ചാലും.. സ്വാഭാവികമായും ഞാൻ സംശയിച്ചു. അദ്ധേഹത്തിന്റെ പരിചയത്തിൽ ഉള്ള വല്ലവർക്കും വീട് നിര്മിച്ച് നല്കണം എന്ന് ശുപാര്ശ നല്കാൻ വേണ്ടി തന്നെ യായിരിക്കും ഇത്ര ദൂരെ നിന്ന് അതി രാവിലെ പുറപ്പെട്ടു അദ്ദേഹം തങ്ങളെ കാണാൻ എത്തിയതും ഈ മുഖ സ്തുതി മൊഴിഞ്ഞതും എന്ന്!
പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത വാക്കുകൾ. " മുസ്ലിം ലീഗിന്റെ ബൈത്തു റഹ്മ ഭവന പദ്ധതിയിലേക്ക് ഈ വിനീതന്റെ വകയായി ഒരു വീടിന്റെ ചെലവ് വഹിക്കാൻ ആഗ്രഹിക്കുന്നു എന്നും തങ്ങള് അത് സ്വീകരിക്കണം എന്നും"
ദയവായി എന്റെ പേര് പരസ്യപ്പെടുത്തരുതെന്നും ആ മാന്യ ദേഹം അഭ്യര്തിച്ചപ്പോൾ അദ്ദേഹത്തോടുള്ള ആദരവും മതിപ്പും വീണ്ടും കൂടുകയായിരുന്നു.
യാത്ര പറഞ്ഞു പിരിയും മുമ്പ് തന്റെ കൈവശം കാത്തു സൂക്ഷിച്ച പെർഫ്യും തങ്ങൾക്കു സമ്മാനിച്ച് കൊണ്ട് അദ്ദേഹം ഇത്രയും കൂടി പറഞ്ഞു
പാണക്കാട് പോവുന്ന വിവരം രാവിലെ വീട്ടിൽ നിന്ന് പുറപ്പെടും നേരം കോളേജ് പ്രോഫെസ്സറായ സഹോദരിയെ അറിയിച്ചപ്പോൾ "വെറും കയ്യോടെ പാണക്കാട്ടെക്കോ.....!!!!!??... കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പരിമളം വാരി വിതറുന്ന അവിടുത്തേക്ക് ഈ സഹോദരിയുടെ വകയായി ഈ സുഗന്ധ ദ്രവ്യം പാരിതോഷികമായി നല്കൂ" എന്ന് പറഞ്ഞു കൊണ്ട് പ്രതീകാത്മകമായി ഏല്പിച്ചതായിരുന്നു ആ പെര്ഫ്യും..!
(വെറും കയ്യോടെയല്ലെന്നും അഞ്ച് ലക്ഷം രൂപയുടെ "ബൈത്തു റഹ്മ" യുമായാണ് അദ്ദേഹം പാണക്കാട്ടെക്ക് വന്നതെന്നും ആ സഹോദരി അപ്പോൾ -ഒരു പക്ഷെ ഇപ്പോഴും - അറിഞ്ഞു കാണില്ല.!!!!!!!)
നന്മയുടെ പ്രകാശം പരത്തുന്നവരും അതിനു പ്രചോദകർ ആകുന്നവരും ഈ ഭൂമിയുടെ അനുഗ്രഹം തന്നെയാണ്.

Friday, 25 January 2013


(ഇന്നത്തെ ഖത്തര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക റിപബ്ലിക്ദിന പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനം)

ഇന്ത്യ ഒരു മതാധിഷ്ടിത രാജ്യമല്ല.ലോകത്തെ ഏറ്റവും വലിയ മതേതര-ജനാധിപത്യ രാഷ്ട്രമാണ്.വ്യത്യസ്ത മതദര്‍ശനങ്ങള്‍ ആവിര്‍ഭവിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്ത പാരമ്പര്യമാണ് നമ്മുടേത്‌.വിവിധജാതികളും വളരെയേറെ വര്‍ണ്ണ ഭേദങ്ങളും നിരവധിഭാഷകളും പലപല ജീവിത സമ്പ്രദായങ്ങളും ഉള്ള ഒരു സങ്കര സംസ്കാരമാണ് പ്രാചീനകാലം മുതല്‍ക്കു തന്നെ ഇന്ത്യയില്‍ നിലനിന്നു പോന്നതും.'നാനാത്വത്തില്‍ ഏകത്വം' എന്നറിയപ്പെടുന്ന മഹത്തായ സാംസ്കാരികപൈതൃകം ലോകത്ത് മറ്റൊരു സമൂഹത്തിനും അവകാശപ്പെടാനില്ല.എല്ലാ സംസ്ക്രിതികളെയും എപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നതാണ് നമ്മുടെ പ്രത്യേകത.

ജാതി വ്യവസ്ഥക്കും മനുഷ്യത്വരഹിതമായ സാമൂഹിക അനീതികള്‍ക്കുമെതിരായി ജന്മംകൊണ്ട ബുദ്ധ-ജൈന മതങ്ങള്‍ ഇന്ത്യയുടെ മഹത്തായ സംഭാവനയാണ്. തോമശ്ലീഹയുടെ കാലത്ത് തന്നെ ക്രൈസ്തവതയുടെ കാരുണ്യം ഭാരതത്തിന്റെ മണ്ണില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഇസ്ലാമിന്റെ ആഗമനമാണ് മധ്യകാലത്ത് ഇന്ത്യ ചരിത്രത്തിന്റെ ഗതിതിരിച്ച മറ്റൊരു പ്രധാന ഘടകം.വേദങ്ങളുടെയും ഉപനിഷത്തുകളുടെയും തെളിനീര്‍ പ്രവാഹത്തോടൊപ്പം ഇസ്ലാമിന്റെധാര കൂടി ചേര്‍ന്നോഴുകിയപ്പോള്‍ ഇന്ത്യന്‍ സംസ്കൃതി സമ്പന്നവും ധന്യവുമായി തീര്‍ന്നു.

ആര്യാധിനിവേശം മുതല്‍ ബ്രിട്ടീഷ് ആധിപത്യം വരെയുള്ള സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ പല ഭാഷക്കാരും ദേശക്കാരും ഇവിടെ പ്രവേശിക്കുകയും ഈ രാജ്യത്തെ അവരുടെ മാതൃഭൂമിയായി കരുതി ഇന്ത്യന്‍ സമൂഹത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വിവധ സംസ്കാരങ്ങളുടെ സംഗമകേന്ദ്രമായി ഭാരതം അറിയപ്പെടുന്നതും. ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ ദേശീയതയ്ക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ള സംസ്കാരങ്ങളുടെ സമന്വയം ആണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്കൃതി. "ലോക സമസ്താ സുഖിനോ ഭവന്തു" എന്നത്ന്റെ ആന്തരിക ചൈതന്യവും മറ്റൊന്നല്ല. ഇന്ത്യയുടെ സംസ്കാരവും ദേശീയതയും ദുര്‍വ്യാഖ്യാനം ചെയ്തു രാജ്യത്തിന്റെ ശിഥിലീകരണത്തിനു കളമൊരുക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.ഇന്ത്യന്‍ മണ്ണിനെ സമ്പുഷ്ടമാക്കിയ ഇതര സംസ്കാരങ്ങളുടെ ഉച്ചാടനത്തിലൂടെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത്‌ തുടക്കമിട്ടിരിക്കുന്നു. ഇന്ത്യയുടെ പൈതൃകത്തിനും രാഷ്ടത്തിന്റെ നിലനില്‍പ്പിനു തന്നെയും ഭീഷണിയായി ഫാസിസ്റ്റു വര്‍ഗീയത വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം രാജ്യ സ്നേഹികളെ ആശങ്കാകുലര്‍ ആക്കുകയാണ്. ഇത്തരുണത്തില്‍ ഫാസിസ്റ്റ് വര്‍ഗ്ഗീയതയെക്കുറിച്ചു ഗൌരവമായി വിചിന്തനം നടത്തപ്പെടെണ്ടതുണ്ട്.

നമ്മുടെ സംസ്കാരത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണം ഒരു ലളിതമായ പ്രക്രിയ ആയിരുന്നില്ല. മറിച്ച് സാംസ്കാരിക പ്രയോഗത്തിന്റെ സകല മേഖലകളിലും അത് ആവെശിച്ചിട്ടുണ്ട്.സംസ്കാരം പ്രചരിപ്പിക്കുക എന്നപേരില്‍ ഹിന്ദു ഫാസിസ്റ്റു സംഘടനകളെ വര്‍ഗ്ഗീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. 1915-ല്‍ ഹിന്ദു മഹാസഭയുടെ പിറവിയോടെ ഇത് ആരംഭിക്കുന്നു. "ഹിന്ദുസ്ഥാനിലെ വിദേശ വംശജര്‍ ഒന്നുകില്‍ ഹൈന്ദവ ഭാഷയും സംസ്കാരവും സ്വീകരിക്കുകയും ഹിന്ദുരാഷ്ടത്തെ വാഴ്ത്തുന്നതൊഴികെയുള്ള മറ്റൊരാശയവും വെച്ച്പുലര്‍ത്താതിരിക്കുകയും, വ്യത്യസ്തമായ അസ്ത്വിത്വം കൈവെടിഞ്ഞു ഹിന്ദുത്വത്തില്‍ ലയിക്കുകയും വേണം"ഫാസിസ്റ്റ് വര്‍ഗ്ഗീയതയുടെ താത്വിക ആചാര്യനായ ഗോള്‍വാള്‍ക്കര്‍- ലൂടെ മുഴങ്ങി കേള്‍ക്കുന്നത് ഇന്ത്യയിലെ ന്യൂന പക്ഷങ്ങളോടുള്ള ഭീഷണി സ്വരം മാത്രമല്ല; ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മരണമണി കൂടിയാണ്. വിദേശ ശക്തികളുടെ പിന്ബലത്താല്‍ നടന്നുവരുന്ന വിധ്വംസക- വിഘടന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രത്തിന്റെ സ്വസ്ഥതയും ശാന്തിയും തകര്‍ത്തു തുടങ്ങിയിരിക്കുന്നു. പഞ്ചാബിലും കാശ്മീരിലും തുടക്കം കുറിച്ച ഈ ശിഥിലീകരണ പ്രക്രിയകള്‍ ആസ്സാമിലെ ഉല്ഫയിലോ മവോയിസ്ടുകളിലോ അവസാനിക്കുനില്ല. തൊഴില്‍ രഹിതരായ യുവാക്കളെ ഉപയോഗപ്പെടുത്തിയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രനിവാസികള്‍ ജാഗരൂകരാകേണ്ടതുണ്ട്.

കരണവും പ്രതികരണവും ഒന്നല്ല. കരണമാണ് പ്രതികരണം സൃഷ്ടിക്കുന്നത്.കാരണം ഇല്ലായ്മ ചെയ്യുന്നതുവരെ പ്രതികരണവും ഉണ്ടായിക്കൊണ്ടിരിക്കും

ഹൈന്ദവ വര്‍ഗ്ഗീയതക്ക്‌ പ്രതികരണം എന്നോണം മുസ്ലിംകളില്‍ തീവ്രവാദം വളര്‍ത്തിയെടുക്കാനുള്ള ഒരു ശ്രമവും നമ്മുടെ നാട്ടില്‍ നടന്നുവരുന്നു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങള്‍ പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നതും അപലപനീയവും അപഹാസ്യവുമാണ്. മതേതര ചിന്താഗതിക്കാരായ ഭൂരിപക്ഷംവരുന്ന ഹൈന്ദവ സഹോദരങ്ങളെ കൂടി വിഭാഗിയ പ്രവണതയിലേക്ക് നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളുവെന്നു മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തപ്പെടെണ്ടാതുണ്ട്. ചുരുക്കത്തില്‍,ഫാസിസ്റ്റു വിരുദ്ധ-തീവ്രവാദ വിമുക്ത മതേതര ശക്തികളുടെ ഏറ്റവും വിശാലമായ കൂട്ടായ്മ ഉണ്ടാക്കി ജന ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള ആശയ പ്രചാരണത്തിന് നാം മുന്നിട്ട് ഇറങ്ങെണ്ടിയിരിക്കുന്നു. മതേതര-ജനാധിപത്യ ഇന്ത്യയുടെ നിലനില്പിന്നും സുഗമമായ പ്രയാണത്തിനും നാം ഓരോരുത്തരും നമ്മുടെ പങ്ക് വഹിച്ചേ മതിയാവൂ.

ശംസുദ്ധീന്‍ വെള്ളികുളങ്ങര ദോഹ-ഖത്തര്‍ Mob: 33915102

Thursday, 24 January 2013


ഡോട്ട് കോം വെള്ളികുളങ്ങരയെ കുറിച്ച്.
ജീവിച്ച കാലത്തെയും ദേശങ്ങളെയും അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാള്‍. ഇവിടെ ഞാന്‍ ഒരെളിയ പ്രതിനിധി മാത്രം. വെള്ളികുളങ്ങരക്കാരന്‍. ചരിത്രത്തില്‍ അങ്ങനെയും ഒരു രേഖപ്പെടുത്തല്‍ ആയിക്കോട്ടെ. തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര മാത്രം പരിചയമുള്ള ആളുകള്‍ പലയിടത്തു നിന്നും പരിപാടികളില്‍ പങ്കെടുത്തു പുറത്തിറങ്ങുമ്പോള്‍ ചോദിക്കാറുണ്ട്-തൃശൂരില്‍..? തിരുത്തുകയാണ് പതിവ് "‍ആ വെള്ളിക്കുളങ്ങരയല്ല; ഇത് വെള്ളികുളങ്ങര". കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഒഞ്ചിയം പഞ്ചായത്തിലെ ഒരു സാധാരണ പ്രദേശം. ഓര്‍മ്മയില്‍ ഈ നാട് വാലായി ഉപയോഗിച്ച് തുടങ്ങിയത് ഈയുള്ളവന്‍. അതുകൊണ്ട് ഈ പട്ടം തന്നെ ധാരാളം.'ശംസുദ്ദീന്‍ വെള്ളികുളങ്ങര'

ഞാന്‍ കരുതുന്നു. യോജിപ്പുകളെക്കാള് എനിക്കിഷ്ടം വിയോജിപ്പുകളാണ്. അപ്പോളെ എനിക്കെന്റെ നിലപാടുകളുടെ ഭദ്രതയും കനക്കുറവും തിരിച്ചറിയാനാവൂ. അത് കൊണ്ട് എപ്പോഴും വിയോജിക്കാനുള്ള നിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഞാന്‍ നിലകൊള്ളും. ചര്‍ച്ചകളുടെ മൂശയില്‍ വാര്‍ത്തെടുക്കുന്ന കാഴ്ചപ്പാടുകള്‍ തന്നെയാണ് പൊതിഞ്ഞു കെട്ടി പുറം കാണിക്കാതെ, സുഭദ്രമെന്നു കരുതി അടയിരിക്കുന്ന നിലപാടുകളെക്കാള്‍ കാലത്തെ അതിജയിക്കുക. ആശയ തലങ്ങളിലെ അങ്കം കുറിക്കലുകള്‍ ആദര്‍ശങ്ങള്‍ മൂര്ച്ചപ്പെടുത്താന്‍ ഉള്ളത് തന്നെയാണ്. നന്മയും വെളിച്ചവും ഒരിടത്ത് മാത്രം ഒതുക്കി നിര്‍ത്തപ്പെട്ടതല്ല. എല്ലായിടത്തും ഏറിയും കുറഞ്ഞും നൈതികതയും ധാര്‍മ്മികതയും കുടികൊള്ളുന്നു എന്നതാണ് സത്യം. അവയെ മതമെന്നും ആത്മീയമെന്നും മതനിരാസമെന്നും ഭൌതികതയെന്നും എന്ത് പേരിട്ടും വിളിക്കാം. എല്ലാത്തില്‍ നിന്നും നന്മയുടെ സാരാംശം ഉള്‍ക്കൊള്ളാനുള്ള വിശാലമായ മാനവികബോധം വേണമെന്ന് മാത്രം.

കറുപ്പിനും വെളുപ്പിനുമിടയിലുള്ള 'ചാര മേഖല'യിലും ചിലപ്പോള്‍ ചില വസ്തുതകള്‍ കുടികൊള്ളുന്നുവെന്ന്  തോന്നുന്ന ഒരാള്‍. ധാര്‍മ്മികത ഹൃദയ പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പദമാകയാല്‌ നമ്മുടെ ചിന്തകളെ ഹൃദയത്തിന് വിട്ടുകൊടുക്കുക. എന്റെ നിലപാടുകള്‍ ആത്യന്തികമായി ശരിയാണെന്ന വാശിക്കാരന്‍ അല്ല ഞാന്‍. അറിഞ്ഞിടത്തോളം, മനസ്സിലാക്കിയടത്തോളം നിഗമനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന "ശരി" ആണെന്ന് മാത്രം. നിങ്ങള്ക്ക് ബോധ്യപ്പെട്ട ശരികള്‍ എന്നെ ബോധ്യപ്പെടുത്താന്‍ കഴിയുമെങ്കില്‍ എന്റെ ചിന്തകളെ ഞാന്‍ തുറന്നു വിടുന്നു......

Tuesday, 22 January 2013


( കുറിപ്പ് ഒരു മെഴുകു തിരിയായി ഉരുകി ഒലിച്ചു തീരുമ്പോഴും തനിക്കു ചുറ്റുമുള്ളവര്‍ക്ക് വെട്ടം പകര്‍ന്നു നല്‍കുന്ന എന്റെ നല്ലവരായ പ്രവാസിസഹോദരങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു. നിരാസത്തിന്റെ കൊടുംവേനലിലും സ്നേഹത്തിന്റെ നിറഞ്ഞ കുടവുമായി ജീവിച്ചു തീര്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക്....)

ഡിസംബറിലെ ഒരു സായം സന്ധ്യ. പകലിനെ വിഴുങ്ങാന്‍ രാത്രി ശ്രമം ആരംഭിക്കുകയാണ്. അല്ലെങ്കിലും അടുത്ത നാളുകളിലായി രാവിനു വല്ലാത്തൊരു ധൃതിയാണ്. നേരത്തെ തന്നെ ഇറങ്ങിപ്പുറപ്പെടുകയാണ്. പകലിനെ കീഴടക്കാന്‍. ഈ അധീശത്വത്തിനു ഒരു ദിവസത്തിന്റെ ആയുസ്സേ ഉള്ളു എന്നറിയാന്നിട്ടല്ല. ഇപ്പോള്‍ കുറച്ചു നാളത്തേക്ക് എനിക്കാണ് നീളം കൂടുതല്‍ എന്ന് ബോധ്യപ്പെടുത്താന്‍ രാത്രി പകലുമായി ഏറ്റുമുട്ടുകയാണ്. രാത്രിയും പകലുംതമ്മിലുള്ള ഈ കടിപിടി കൂടലിനിടയില്‍ അയാളുടെ കണ്ണുകള്‍ ആകാശത്തിന്റെ അനന്തതയിലേക്കും അംബര ചുംബികളായ മനോഹരകെട്ടിടങ്ങളിലേക്കും മാറി മാറി പതിച്ചു. കോറനെഷനിലെ പച്ചപുല്തകിടില്‍ മലര്‍ന്നു കിടന്നു വെറുതെ ചിന്തകളുടെ കെട്ടഴിച്ചു വിട്ടു.

വല്ലാതെ ആഗ്രഹിച്ചു തന്നെയാണ് പ്രവാസം തിരന്നെടുത്തത്. ഗള്‍ഫ്‌ സ്വപ്നം വര്‍ണ്ണ പൊലിമയോടെ മനസ്സില്‍ താലോലിച്ചു നടന്ന എന്പതുകളിലെ കൌമാരം. സെന്റിന്റെപരിമളവും കുപ്പായ കീശയില്‍ പൊന്തി നില്‍ക്കുന്ന ‘റോത്ത്മാന്‍സ്’ പാക്കറ്റും ഉയരമുള്ള ചെരുപ്പും ചവിട്ടി വിലസിനടക്കുന്ന ദുബായിക്കാരനെ കണ്ടാല്‍ ആരും ഒന്ന് കൊതിച്ചു പോവുന്ന കാലം. കറുത്ത് നീര്‍ക്കോലി പോലെ മേലിന്ന ചെക്കന്മാരെല്ലാം കടലും കടന്നു രണ്ടു കൊല്ലം കഴിന്നു നാട്ടിലേക്കു തിരിച്ചു വരുമ്പോള്‍ വെളുത്തു ചീര്‍ത്തു നല്ല ഗ്ലാമര്‍ ആകുന്ന കോലം. വരുന്നോരൊക്കെ അഞ്ചും പത്തും സെന്റ് ഭൂമി വാങ്ങി പത്രാസുകാരന്‍ ആവുന്നതും മോഹിപ്പിക്കുന്ന കാഴ്ച തന്നെ. കൂടാതെ മലയാളം അല്ലാതെ മറ്റൊന്നും കേട്ടിട്ടില്ലാത്ത നങ്ങള്‍ക്ക് മുമ്പില്‍ (ഹിന്ദി, തമിള്‍ സിനിമകള്‍ ഒന്നും അക്കാലത്തു കാണാരുണ്ടായിരുന്നില്ല) അറബിയും ഹിന്ദിയും കേരംസ് കളിക്കുന്നിടത് വെച്ചുംമറ്റും ഗള്‍ഫുകാര്‍ തമ്മില് കോഡ് ഭാഷയായി ഉപയോഗിച്ചപ്പോള്‍ അന്തം വിട്ടിരുന്ന സമയം.‍ എല്ലാം കൂടി മനസ്സിനെ മത്തു പിടിപ്പിച്ചപൊന്‍ വിളയും നാട്ടിലേക്ക് ഒരു എന്‍.ഓ.സീ തരപ്പെടുത്താന്‍ ഉപ്പാക്ക് പുറമേ ബന്ധുക്കളോടും കൂട്ടുകാരോടും യാചിച്ചു പറഞു. അങ്ങിനെ ഒടുവില്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ചിറകിലേറി ഖത്തറിലേക്ക്.

കീശയില്‍ നിന്ന് മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ പ്രവാസ ചിന്തകള്‍ ഇടയ്ക്കു വെച്ച് മുറിയുകയായിരുന്നു. ഊഹം തെറ്റിയില്ല. നാട്ടില്‍ നിന്ന് നല്ല പാതിയുടെ മിസ്സ്‌ കോള്‍. തിരിച്ചു വിളിച്ചാല്‍ അവള്‍ക്കു പറയാന്‍ ഉള്ളത് ഏതാണ്ട് ഇതൊക്കെ തന്നെയായിരിക്കും. "മൂത്തവള്‍ പതിനെട്ടിലേക്ക് കടക്കുകയാണ്. വയസ്സില്‍ രണ്ടു കൊല്ലം പുറകിലാണെങ്കിലും വളര്‍ച്ചയില്‍ ഇത്താത്തയെ കടത്തിവെട്ടും നിങ്ങളുടെ പുന്നാര കറുപ്പച്ചി മോള്. രണ്ടിന്റെയും കഴുത്തിലും കാതിലുമായി ഇപ്പോള്‍ ഉള്ളത് മൂന്നു പവന്‍ പോലും തികയില്ല. എന്ടടുത്തുള്ളതെല്ലാം പുര ഉണ്ടാക്കാനായിവില്‍ക്കുകയും ചെയ്തു. എത്ര പറഞ്ഞാലും നിങ്ങള്ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകില്ലല്ലോ. ഓരോരുത്തരും ഓരോ വരവിനും കൊണ്ട് വരും രണ്ടും മൂന്നും പവന്‍. നമുക്ക് മൂന്നു പെണ്‍കുട്ടികളാണ് ഉള്ളത്. സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ വില എത്രയാ?.എനിക്കറിയില്ല. ഇവരെയൊക്കെ നമ്മള്‍ എങ്ങിനെയ കെട്ടിച്ചു വിടുക. നിങ്ങള്‍ക്കിതോന്നും വലിയ കാര്യമല്ലല്ലോ. KMCC എന്നും പള്ളി-മദ്രസ കമ്മിറ്റി എന്നും പറഞു നാട്ടുകാരെ നന്നാക്കി നടന്നോളൂ. നാളെ ഇങ്ങളെ കുട്ട്യെളെ കാര്യം ഓല് നോക്കുമോ? ‍"

ഇതും പറഞ്ഞവസാനിപ്പിച്ചു അവള്‍ ഫോണ്‍ വെച്ചപ്പോള്‍ ആണ് ഓര്‍ത്തത്‌. മുസ്തഫാനോടും സഫുവാനോടും ഇന്ന് രാത്രി പിരിവിനു ഇറങ്ങാം എന്ന് പറഞ്ഞതല്ലേ. മദ്രസ്സയില്‍ പഠിപ്പിക്കുന്ന മലപ്പുറത്തുകാരന്‍ ഉസ്താദിന്റെ മകളുടെ കല്യാണത്തിന് രണ്ടു ലക്ഷം എങ്കിലും ഉണ്ടാക്കി കൊടുക്കേണ്ടതു ഞങ്ങള്‍ ഖത്തര്‍ കമ്മിറ്റിക്കാരുടെ ഉത്തരവാദിത്തം ആണല്ലോ. ഷിഫ്റ്റ്‌ ഡ്യൂട്ടി കഴിന്നു 8 മണിക്ക് ഇറങ്ങി ബിന്മഹമൂദില്‌ സഫുവാന്‍ എത്തുമ്പോഴേക്കു ഖോറില്‍നിന്ന് മൂസ്തഫ വണ്ടിയുമായി എത്തും. പിരിവു എവിടെയും എത്തിയിട്ടില്ല. അടിച്ച പുറത്തു തന്നെയാണ് വീണ്ടും വീണ്ടും അടിക്കുന്നത്. ചിലരില്‍ നിന്നെല്ലാം പൈസ വാങ്ങുമ്പോള്‍ ചെറിയ ഒരു വിമ്മിഷ്ടം. 1600 ശമ്പളക്കാരന് ഭക്ഷണവും റൂമും മറ്റു ചിലവുകളും കഴിച്ചാല്‍ വലിയ മിച്ചമൊന്നും ഉണ്ടാകില്ല. നാട്ടിലെ എണ്ണിയാല്‍ തീരാത്ത പ്രാരാബ്ദങ്ങളുടെ പരാതിക്കിടയില്‍ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അത്തരക്കാരോട് പിരിവു വാങ്ങുമ്പോള്‍ ഉള്ളില്‍ ഒരസ്വസ്ഥത. എന്നാല്‍ ഏറ്റവും സന്തോഷത്തില്‍ സംഭാവന തരുന്നത് ഇത്തരക്കാര്‍ ആണ്. ജീവിതത്തിന്റെ ആധിയും ആകുലതകളും വേണ്ടുവോളം അനുഭവിക്കുന്നവരാണല്ലോ അവര്‍!!?.

കഴിഞ്ഞ മാസമാണ് മദ്രസ്സ കമ്മിറ്റി സെക്രട്ടറി വിസിറ്റ് ചെയ്തു പോയത്. മദ്രസ്സയുടെ നടത്തിപ്പിന് ഒരു സ്ഥിര വരുമാനം. എല്ലാ കാലവും വീട്ടില്‍ കയറി വരിസംഖ്യ പിരിപ്പിക്കാന്‍ ആവില്ല. ടൌണില്‍ രണ്ടു മുറി കെട്ടിടം പണിതാല്‍ താഴത്തെ നില വാടകയ്ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന പകിടി വാങ്ങിച്ചു മേലത്തെ പണിയും തുടങ്ങാം. അപ്പോഴത്തെക്ക് ദുബായില്‍ നിന്നും എന്തെങ്കിലും കിട്ടാതിരിക്കില്ല. ഈ ഐഡിയയുമായിസെക്രട്ടറി വിളിച്ചപ്പോള്‍ കൊള്ളാമെന്നു തോന്നി. ഏതായാലും പ്രതീക്ഷിച്ചതിലും ഏറെ വിജയമായിരുന്നു കലക്ഷന്.

ഉസ്താദിന്റെ പിരിവു ഒന്ന് വേഗം തീര്‍ത്തിട്ടു വേണം അടിവാരത്തെ ഒരു പാവം സഹോദരനു KMCC  നിര്‍മ്മിച്ച്‌ കൊടുക്കുന്ന വീടിന്റെ പദ്ധതിക്ക് തുടക്കം കുറിക്കാന്‍. ഓല വെച്ച് കെട്ടിയ ആ ഷെഡ്‌ ഞാന്‍ നേരില്‍ കണ്ടതാണല്ലോ. ആസ്തമ രോഗിയായ ആ ചെറുപ്പക്കാരന്റെ ദയനീയ മുഖം മനസ്സില്‍ നന്നായി തെളിയുന്നു. പറക്കമുറ്റാത്ത രണ്ടു പൈതങ്ങള്‍. ആര്‍ത്തലച്ചു പെയ്താല്‍ മഴയെ തടുക്കാന്‍ ഒരു താര്‍പ്പായ തല്ക്കാലം നാട്ടുകാര്‍ വാങ്ങിക്കൊടുത്തു.

മനസ്സു ചിലപ്പോള്‍ അങ്ങിനെയാണ്. സ്ഥലകാല ബോധമില്ലാതെ എടുത്തു ചാടുന്നു. വീടിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ പ്രിയതമയുടെ വാക്കുകള്‍ കാതുകളില്‍ വന്നലക്കുന്നു പ്രവാസം ഒന്നര പതിറ്റാണ്ടും കുടുംബ ജീവിതം 13 വര്‍ഷവും പൂര്‍ത്തിയായിട്ടും പണി പൂര്‍ത്തിയാകാത്ത വീടിനെ ക്കുറിച്ച അവളുടെ പരാതിയിലും കഴംബില്ലേ? രണ്ടു ബെഡ് റൂമും കിച്ചണും മാത്രമേ തേപ്പു കഴിന്നിട്ടുള്ളൂ. ജനല്‍ പാളികളും തഥൈവ! നിലത്തിന്റെ പണി കഴിയാത്തതിനാല്‍ അലര്‍ജിയുടെ ശല്യമുള്ള മൂന്നാമത്തവളുടെ കാര്യം കഷ്‌ടം. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനയും റോക്കറ്റ്‌ പോലെ കുതിച്ചു പായുന്ന കൂലിയും എല്ലാ കണക്കു കൂട്ടലും തെറ്റിച്ചു. "അപ്പോഴേ ഞാന്‍ പറഞ്ഞതാണ് ലോണ്‍ എടുത്തു നിലത്തിന്റെ പണിയും തേപ്പും കഴിക്കാന്‍. നിങ്ങള്‍ അതൊന്നും ചെയ്യില്ല. പലിശയും ലോണും തൊടില്ലെന്ന് വാശി. എന്നിട്ട് ഇപ്പൊ എന്തായി?"

ഇപ്പോഴും പ്രതി സ്ഥാനത്തു ഞാന്‍ തന്നെ. എന്ത് ചെയ്യാം എപ്പോഴും പ്രതിസ്ഥാനത്തു ഇരിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണല്ലോ നമ്മള്‍ പ്രവാസികള്‍! നാട്ടില്‍ പറമ്പിനു റേറ്റ് വര്‍ദ്ധിപ്പിച്ചത്‌ മുതല്‍ അയക്കൂറക്ക് വില കൂട്ടിയവര്‍ വരെ നമ്മള്‍ ആണെന്നാണ്‌ നാടുകാരുടെ വെപ്പ്.

ജീവിതത്തിന്റെ ഒഴുക്കില്‍ 'ചലനമറ്റ' ദിനങ്ങളുടെ നൊമ്പരം പേറുന്നവര്‍... കരുണയില്ലാത്ത വിധിക്കു മുമ്പില്‍ സ്വപ്‌നങ്ങള്‍ കരിഞ്ഞു പോയവര്‍.... സൌഹൃദവും നാട്ടുകാരും അന്യവസ്തുവായവര്...കൈവിട്ടുപോയ ജീവിതം ഒരിക്കല്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷകള്‍ പോലും നഷ്ടപ്പെട്ടവര്‍... കുടുംബത്തെയും നാടിനെയും അത്രമേല്‍ പ്രണയിക്കയാല്‍ പ്രതിസന്ധികള്‍ കരുത്തായി മാറ്റുകയാണ് പ്രവാസികളെന്നു എത്രപേര്‍ക്കറിയാം? മുസ്തഫയുടെ ഫോണ്‍ കോള്‍ വീണ്ടും ചിന്തകളില്‍ നിന്ന് തട്ടിയുണര്‍ത്തി.

ഷര്‍ട്ടില്‍ പറ്റിപ്പിടിച്ച പുല്ലും മണലും തട്ടി തെറുപ്പിച്ച് പതുക്കെ എഴുന്നേറ്റു ഇരിക്കുമ്പോള്‍ എം മുകുന്ദന്റെ ഒരു കഥാപാത്രം മനസ്സില്‍ കൊള്ളിയാന്‍ മിന്നി. ഒരുപാട് തവണ മുള്‍വഴികള്‍ താണ്ടി ദൈവസന്നിധിയില്‍ എത്തി മറ്റുള്ളവരുടെ പ്രയാസങ്ങളുടെയും കഷ്ടപ്പാടുകളുടെയും പരിദേവനം സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു മടങ്ങുമ്പോള്‍ വെറുതെ അയാള്‍ ആലോചിച്ചു. തന്റെ ദുരിതങ്ങളുടെ കെട്ടുകള്‍ ഇതുവരെ ദൈവത്തോട് പറഞ്ഞില്ലല്ലോ. വീണ്ടും മടങ്ങി പോയാലോ..വേണ്ട..സ്വന്തം ആവലാതികള്‍ പെരുപ്പിച്ചു ദൈവത്തെ മുഷിപ്പിക്കണ്ട. കഴിഞ്ഞ ദിവസവും കൂട്ടുകാര്‍ കളിയാക്കിയതാണ്. "സ്വന്തം കാര്യം നോക്കാന്‍ അറിയാത്തവന്‍.... നാട്ടുകാര്‍ക്ക് വേണ്ടിപരക്കം പായുന്നവന്‍.." മനസ്സ് രണ്ട് പക്ഷത് നിന്നപ്പോള്‍ ഏതായാലും ഇവടെവരെ വന്നതല്ലേ. ഇനി കാണാന്‍ ആയില്ലെങ്കിലോ..ഇഷ്ട ദൈവത്തോട് ആവലാതി പറയാന്‍ മടങ്ങാന്‍ തീരുമാനിച്ചു. ആ മടക്ക യാത്രയുടെ ആരംഭത്തില്‍ തന്നെ തന്റെ ഇഷ്ട ദാസനെ ദൈവം തിരിച്ചു വിളിച്ചു. "ഒരിക്കലും സ്വന്തത്തെ കുറിച്ച് പരാതി പറയാത്ത നിന്നെതന്നെയാണ് എനിക്കിഷ്ടം. അങ്ങിനത്തെ അവസ്ഥയില്‍ തന്നെ നീ എന്നിലേക്ക്‌ വരണം". എന്നായിരിക്കുമോ പെട്ടെന്നുള്ള ഈ തിരിച്ചു വിളിയിലൂടെ ദൈവം ഉദ്ദേശിച്ചത്..

Sunday, 20 January 2013


പ്രസംഗത്തെക്കുറിച്ച് രണ്ടു വാക്ക്

മനുഷ്യ മനസ്സുകളെ സ്വാധീനിക്കുകയും ഉദ്ധീപിപ്പിക്കുകയും ചെയ്യുന്നതില്‍ പ്രഭാഷണ കലക്കുള്ള പങ്ക് വളരെവലുതാണ്‌. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റി മറിച്ച വലിയ പരിവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയാവുന്നതില് എഴുത്തുകാരെയും ബുദ്ധിജീവികളെയുംപോലെ പ്രഭാഷകരുടെ റോളും ഒട്ടും നിസ്സാരമായിരുന്നില്ല.  എഴുത്തിനെ അപേക്ഷിച്ചു പ്രസംഗത്തിന്റെ പ്രത്യേകത ശ്രോതാവിന്റെ പ്രതികരണം അതെ സ്പോട്ടില്‍ വായിച്ചെടുക്കാന്‍ കഴിയുമെന്നതാണ്. പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ കേള്‍വിക്കാരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ മതി. പലപ്പോഴും പ്രസംഗം കഴിഞ്ഞ ഉടനെ ആളുകള്‍ വന്നുപറയും നന്നായോ മോശമായോ എന്ന്. ആളുകള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല നമ്മുടെ പ്രസംഗം എന്ന് ശ്രോതാകളുടെ മുഖത്തില്‍ നിന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വേണമെങ്കില്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സദസ്സിന്റെ അവസ്ഥ കണ്ടു അപ്പോള്‍തന്നെ നമുക്ക് മാറ്റം വരുത്താം. ഇത് പ്രസംഗത്തിലെ സാധിക്കൂ.

ഹിറ്റ്ലര്‌ ഗംഭീര പ്രാസംഗികനാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. വിന്‌സ്റ്റന്‌ ചര്‍ച്ചിലും പ്രഭാഷണ മേഖലയില്‍ വിശ്വോത്തരന്‍. കേരളത്തില്‍ അഴിക്കോട് മാഷും കൌമുദി ബാലകൃഷ്ണനും മുണ്ടശ്ശേരിയും സീ എച്ചും പ്രഭാഷണ വിഹായസ്സിലെ അത്ഭുത പ്രതിഭകള്‍ തന്നെ. ജനാധിപത്യ വ്യവസ്ഥിതിയില്‍ ആളെ കൂട്ടാനും ആശയ പ്രചാരണത്തിനും ഉള്ള നല്ലോരുപാധി തന്നെയാണിത്. കേസ്സറ്റ് പ്രഭാഷണത്തിലൂടെ ഒരു സംഘടന തന്നെ കെട്ടിപ്പടുത്തതിന്റെ ഉദാഹരണത്തിന് മഅദനി ധാരാളം. സമദാനിയും വീരേന്ദ്രകുമാറും വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം കളിക്കുന്നവര്‍.

പ്രസംഗത്തില്‍ ശൈലിക്കും ഭാഷക്കും തന്നെയാണ് മുഖ്യ സ്ഥാനം. ആരോചകമല്ലാത്ത ആംഗ്യങ്ങള്‍ പ്രഭാഷകനെ കൂടുതല്‍ ആകര്‍ഷണീയനാക്കും. സദസ്സറിഞ്ഞു പ്രസംഗിക്കുക എന്നതും പ്രധാനം-ഉദ്ദേശിച്ചത് പ്രസംഗിക്കുന്ന സ്ഥലത്തെ ആള്‍ക്കാരെ കുറിച്ച് ഒരേകദേശധാരണ എന്നതാണ്. ഉദാഹരണമായി വടകര താഴെ അങ്ങാടി പോലെ നൂറു ശതമാനം മുസ്ലിംകള്‍ തിങ്ങിത്താമാസിക്കുന്ന ഒരിടത്തും സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷം ഉള്ള ഒഞ്ചിയത്തും ഒരേ പോലെയല്ല ലീഗ് പറയേണ്ടതെന്നര്‍ത്ഥം.(ഇത് ശ്രദ്ധിക്കുന്നത് പ്രാസംഗികന്റെ തടി കേടാകാതിരിക്കാനും നല്ലത്!!)

പ്രസംഗം മൂന്നെണ്ണമുണ്ട്. പ്രഭാഷണ വേദിയില്‍ കയറുംമുമ്പ് പറയണം എന്ന് മനസ്സില്‍ കരുതുന്ന പ്രസംഗം. രണ്ട് ചെയ്യുന്ന പ്രസംഗം.(നാം മുമ്പ് പ്ലാന്‍ ചെയ്തതില് പലതും വിട്ടുപോകുകയും പുതുതായി ചിലതൊക്കെ സ്പോട്ടില്‍ മനസ്സില്‍ വന്നുകേറി പുറത്തുപറയുകയും ചെയ്യുന്നു.)മൂന്നാമതായി സ്വന്തം പ്രസംഗം കഴിഞ്ഞാല്‍ നമുക്ക് തോന്നുന്ന പ്രസംഗം.(ഓ ഇങ്ങനെയായിരുന്നു പ്രസംഗിക്കേണ്ടത് എന്ന തോന്നല്‍) നല്ല ഓര്‍മ്മ ശക്തിയും കാര്യങ്ങള്‍ ‍ മനസ്സില്‍ അടുക്കി വെക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാന്‍ കഴിയും. ഇപ്പോഴത്തെ കാലത്ത് പ്രസംഗം ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്. മുമ്പത്തെ പോലെയല്ല. കേള്‍വിക്കാരുടെ അറിവ് വര്‍ദ്ധിക്കുകയും നിലവാരം ഉയരുകയും ചെയ്തതിനാല്‍ എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാനാവില്ല.

പൊടിക്കൈ: മേല്‍ പറഞ്ഞതിനോട് എതിര്‍ നില്‍ക്കുന്ന തിയറിയാണ്. പക്ഷെ ഈ ഒരു തോന്നല്‍ പ്രാസംഗികനു ഉണ്ടായാല്‍ മാത്രമേ പ്രസംഗം ആത്മ വിശ്വാസത്തോടെ പുറത്തു വരൂ. താന്‍ പറയാന്‍പോകുന്നതൊന്നും ഇവിടെ കൂടിയിരിക്കുന്ന പലര്‍ക്കും അറിയില്ലെന്ന ഒരുചിന്ത. അവര്‍ക്കെല്ലാം അറിയുമെങ്കില്‍ പിന്നെ ഞാന്‍ എന്തിനു പ്രസംഗിക്കണം? എന്റെ വാക്കുകള്‍ക്കു എന്ത് പ്രസക്തി? ഇത് ശരിയല്ലേ കൂട്ടുകാരെ....പ്രസംഗത്തില്‍ മറ്റാരെയും അനുകരിക്കാതെ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കി എടുക്കുക. സമൂഹത്തില്‍ നമയുടെ ചാലക-പ്രേരക ശക്തികളാവാന് വാക്കുകള്‍ ഉപയോഗിച്ച് മുന്നേറുക. അക്ഷരങ്ങള്‍ ആവനാഴിയില്‍ കിടന്നു തുരുമ്പെടുക്കാന്‍ ഉള്ളതല്ല. അത് ശത്രുവിന്റെ ആയുധപ്പുരയെ ചുട്ടെരിക്കാന്‍ മൂര്‍ച്ചയുള്ളതാണ്."രക്ത സാക്ഷിയുടെ കണ്‍ടത്തില്‍ നിന്ന് ഉറ്റിവീഴുന്ന നിണകണങ്ങളെക്കാള് വിശുദ്ധമാണ് പണ്ഡിതന്റെ പേനയില്‍ നിന്ന് നിര്ഗ്ഗളിക്കുന്ന മഷിത്തുള്ളികള്". ‍പുതിയ കാലത്തിന്റെ ആയുധങ്ങള്‍ വാളും തോക്കുമല്ല. എഴുത്തും വാക്കും തന്നെയാണ്.ആദര്‍ശങ്ങള്‍ സംവദിക്കപ്പെടെണ്ട പ്രതലവും ഇത് തന്നെയാണ്.‍